തലശ്ശേരി: മികച്ച മലയാള നാടക രചനകളെ പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി ബഹ്റൈൻ പ്രതിഭ ഏർപ്പെടുത്തിയ പപ്പൻ ചിരന്തന നാടക അവാർഡ് 2023 ലെ വിജയിയായ സതീഷ്.കെ.സതീഷിന് കേരള നിയമസഭ സ്പീക്കർ എ.എൻ. ഷംസീർ കൈമാറി.
നാല്പത്തി എട്ട് രചനകളിൽ നിന്നുമാണ് സതീഷ്.കെ.സതീഷിൻ്റെ ബ്ലാക്ക് ബട്ടർഫ്ലൈസ് മികച്ച നാടകമായി തെരഞ്ഞെടുക്കപ്പെട്ടത്. ഇരുപത്തിഅയ്യായിരം രൂപയും ഡോ: സാം കുട്ടി പട്ടംകരി രൂപ കല്പന ചെയ്ത് പ്രവീൺ രുഗ്മ നിർമ്മിച്ച ശില്പവുമാണ് അവാർഡ്. കവിയും, ആക്ടിവിസ്റ്റും, കേരള സാഹിത്യ അക്കാദമി പ്രസിഡൻ്റുമായ സച്ചിദാനന്ദൻ ചെയർമാനും, പ്രമുഖനാടക പ്രവർത്തകനും സംവിധായകനുമായ ഡോ:സാംകുട്ടി പട്ടംകരി അംഗവുമായ ജൂറിയാണ് സമ്മാനാർഹമായ രചന തെരഞ്ഞെടുത്തത്.
തലശ്ശേരിയിലെ നവരത്ന ഓഡിറ്റോറിയത്തിൽ പ്രതിഭ പ്രവർത്തകരുടെയും,കുടുംബാംഗങ്ങളുടെയും അഭ്യുദയകാംക്ഷികളുടെയും പ്രതിഭ കേരള ചാപ്റ്റർ അംഗങ്ങളുടെയും സാന്നിധ്യത്തിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ പ്രതിഭ ജനറൽ സെക്രട്ടറി മിജോഷ് മൊറാഴ സ്വാഗതം പറഞ്ഞു. പ്രതിഭ രക്ഷാധികാരി സമിതി അംഗവും ലോക കേരളസഭ അംഗവുമായ സുബൈർ കണ്ണൂർ അദ്ധ്യക്ഷനായിരുന്നു. സ്പീക്കർ എ.എൻ. ഷംസീർ അവാർഡ് ദാന ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രവാസ ലോകത്ത് നിന്ന് രചനക്ക് മാത്രമായി ഒരു നാടക അവാർഡ് നൽകുക എന്നത് ഒരു സംഘടനക്കും ചിന്തിക്കാൻ പറ്റാത്തിടത്ത് പ്രതിഭക്ക് സാധിച്ചു എന്നത് ഈ അവാർഡിൻ്റെ മഹത്വമാണെന്നും, അതിൽ അങ്ങേയറ്റം ആഹ്ലാദമുണ്ടെന്നും സ്പീക്കർ തൻ്റെ ഉദ്ഘാടന പ്രസംഗത്തിൽ ചുണ്ടി കാട്ടി.
പ്രവാസി കമ്മീഷൻ അംഗം ജാബിർ മാളിയേക്കൽ, പ്രതിഭ രക്ഷാധികാരിസമിതി അംഗവും ലോക കേരളസഭ മെംബറുമായ സി.വ.നാരായണൻ, പ്രതിഭ കേരള ചാപ്റ്റർ സെക്രട്ടറി കെ .സതീന്ദ്രൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. കുടാതെ രക്ഷാധികാരി സമിതി അംഗങ്ങളായ മനോജ് മാഹി, മഹേഷ് മൊറാഴ, പ്രതിഭ കേന്ദ്ര എക്സിക്യൂട്ടീവ് കമ്മറ്റി മെമ്പര്‍ മുരളി കൃഷ്ണൻ മുന്‍കാല പ്രതിഭ നേതാക്കൾ ആയ പ്രേമ രാജൻ, ഹരി അണ്ടലൂര്‍, ശശി പറമ്പത്ത്, മൊയ്തീന്‍ പൊന്നാനി, ഗോവിന്ദൻ.എൻ.കെ. എന്നിവരും സന്നിഹിതരായിരുന്നു. പ്രതിഭ കേന്ദ്ര കമ്മിറ്റി അംഗം ഷിജു പിണറായി ചടങ്ങിൽ നന്ദി പറഞ്ഞു.