മനാമ: ഇന്ത്യൻ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികൾ ഗണിതമത്സത്തിൽ മികച്ച നേട്ടം കൈവരിച്ചു. മെയ് 3ന് സേക്രഡ് ഹാർട്ട് സ്‌കൂളിൽ നടന്ന വാശിയേറിയ ഗണിതമത്സരത്തിൽ ഇന്ത്യൻ സ്‌കൂളിലെ ഹിബ പി മുഹമ്മദ് ‘മാത്‍സ് വിസാർഡ്’ കിരീടം നേടി. ബഹ്‌റൈനിലെ 15 സ്‌കൂളുകളിൽ നിന്നായി മത്സരത്തിനെത്തിയ 192 പേരെ പിന്തള്ളിയാണ് ഹിബ ഈ കിരീടം നേടിയത്.
ഇന്ത്യൻ സ്‌കൂളിനെ പ്രതിനിധീകരിച്ച് സംഹിത് യെഡ്‌ല ശ്രദ്ധേയമായ പ്രകടനത്തോടെ ഫൈനൽ റൗണ്ടിലെത്തി സ്കൂൾ ടോപ്പർ ബഹുമതി നേടി. ഹിബയും സംഹിതും ഇന്ത്യൻ സ്‌കൂൾ പത്താം ക്ലാസിൽ പഠന മികവ് പുലർത്തുന്ന വിദ്യാർത്ഥികളാണ്. മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയും മാർഗദർശനം നൽകിയ എല്ലാ ഗണിത അദ്ധ്യാപകരെയും വിശിഷ്യ അനിത ഷാജൻ, സ്റ്റെല്ല മേരി, ബിനി രാജ് എന്നിവരെയും ഗണിത വകുപ്പ് മേധാവി ബിജോ തോമസ് അഭിനന്ദിച്ചു.
ആക്ടിവിറ്റീസ് ഹെഡ് ടീച്ചർ ശ്രീകല നായർ സ്‌കൂളിന്റെ പങ്കാളിത്തം ഏകോപിപ്പിച്ചു. വിജയികൾക്ക് സേക്രഡ് ഹാർട്ട് സ്‌കൂൾ പ്രിൻസിപ്പൽ സിസ്റ്റർ റോസ്‌ലിൻ തോമസ് ട്രോഫി സമ്മാനിച്ചു. മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കും ഗണിത പരിശീലനം നൽകിയ അധ്യാപകർക്കും ഇന്ത്യൻ സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി.രാജപാണ്ഡ്യൻ, പ്രിൻസിപ്പൽ വി.ആർ.പളനിസ്വാമി എന്നിവർ ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിച്ചു. ഈ വിജയം സ്‌കൂളിന്റെ ഗണിതശാസ്ത്ര വിദ്യാഭ്യാസത്തിന്റെ മികവിന് അടിവരയിടുന്നു.