മനാമ: ഫ്രൻ്റ്സ് സോഷ്യൽ അസോസിയേഷൻ റിഫ ഏരിയ വനിത വിഭാഗം ഈസ്റ്റർ വിഷു ഈദ് ആഘോഷങ്ങളുമായി ബന്ധപ്പെട്ട് “ഈവ് 24” എന്ന പേരിൽ സംഗമം സംഘടിപ്പിച്ചു. മൂന്ന് ആഘോഷങ്ങളുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങളും കഥകളും പ്രമേയമാക്കി സംഘടിപ്പിച്ച പരിപാടി ഏറെ ശ്രദ്ധേയമായി. എല്ലാ മതങ്ങളും മുന്നോട്ട് വെക്കുന്ന അടിസ്ഥാന ആശയം മനുഷ്യരുടെ പരസ്പരമുള്ള സ്നേഹവും സാഹോദര്യവുമാണെന്ന് ഏരിയ ഓർഗനൈസർ ബുഷ്റ റഹീം പറഞ്ഞു. ഇതിനു കോട്ടം തട്ടാതെ നോക്കേണ്ടത് ജാതി-മത-ഭേദമന്യേ നാം ഓരോരുത്തരുടെയും കടമയാണ്. ഇത്തരം കൂട്ടായ്മകളും സൗഹൃദസംഗമങ്ങളും മനുഷ്യർക്കിടയിൽ പശിമയുള്ള ബന്ധങ്ങൾ ഉണ്ടാവാൻ സഹായകരമാണെന്നും അവർ പറഞ്ഞു.
പരിപാടിയിൽ ബിന്ദു സതീഷ്, രേഷ്മ രംഗനാഥൻ എന്നിവർ പഴയകാല ഓർമകളും അനുഭവങ്ങളും പങ്ക് വച്ചു. ഷാനി സക്കീർ, റമീന ഖമറുദ്ദീൻ, ഷബ്ന ഹാരിസ് എന്നിവർ കഥകൾ അവതരിപ്പിച്ചു. ഫരീദ നസീം, ഷിഫ സാബിർ, ഷൈമില നൗഫൽ, അൻസിയ ഉബൈസ്, ലുലു അബ്ദുൽ ഹഖ്, ഫസീ|ല മുസ്തഫ, മുബീന സുൽത്താൻ, ഷഹന റിയാസ്, നസീല ഷഫീഖ്, സജ്ന ഷിബു, റംസീന ഷഫീഖ് എന്നിവർ ഗാനങ്ങൾ ആലപിച്ചു. നാസ്നിൻ അൽതാഫ് ക്വിസ് അവതരിപ്പിച്ചു. ദിയ നസീം തമന്ന നസീം എന്നിവരുടെ പ്രാർത്ഥനാ ഗീതത്തോടെ ആരംഭിച്ച പരിപാടി സോന സക്കരിയ നിയന്ത്രിച്ചു. സഈദ റഫീഖ്, ഫാത്തിമ സാലിഹ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.