മനാമ: കെ.ആർ. മീരയുടെ ‘ആരാച്ചാർ’ എന്ന പ്രശസ്ത നോവലിന്റെ നാടകാവിഷ്കാരം ഇന്ന് വൈകീട്ട് എട്ടു മണിക്ക് കേരളീയ സമാജത്തിൽ നടക്കും. ബുധനാഴ്ച കെ.ആർ. മീരയുടെതന്നെ ചെറുകഥ ‘ആവേ മരിയ’ യെ അവലംബിച്ച് തയാറാക്കിയ നാടകം അവതരിപ്പിച്ചു.
പ്രശസ്ത നാടക സംവിധായകനും എഴുത്തുകാരനും സംസ്ഥാന സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ പ്രദീപ് മണ്ടൂരാണ് ഇരു നാടകങ്ങളുടെയും സംവിധാനം നിർവഹിച്ചത്. സാമൂഹിക രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ചരിത്രത്തിൽ സ്ത്രീ സമൂഹം നിർവഹിച്ച ചരിത്രപരമായ പങ്ക് മരിയ എന്ന അതിശക്തമായ കഥാപാത്രത്തിലൂടെ, അവതരിപ്പിക്കപ്പെട്ടു.
അസാധാരണവും അത്യുജ്ജ്വലവുമായ ജീവിത സന്ദർഭങ്ങളിലൂടെ മരിയ എന്ന കഥാപാത്രം നടത്തുന്ന രാഷ്ട്രീയ സാമൂഹ്യ അടരുകളുള്ള നാടകമായിരുന്നു ആവേ മരിയ. നീതിയും മരണവും തൂക്കുകയറും ദാരിദ്രവുമൊക്കെ കഥാപാത്രമായി മാറുന്ന, ലോകത്തിലെ ആദ്യത്തെ സ്ത്രീ ആരാച്ചാരുടെ കഥ പറയുന്ന നോവലിന്റെ ആന്തരിക സൗന്ദര്യത്തെയും സംഘർഷത്തെയും അടയാളപ്പെടുത്തുന്ന നാടകമാണ് ആരാച്ചാർ. ബഹ്റൈൻ കേരളീയ സമാജം സ്കൂൾ ഓഫ് ഡ്രാമയാണ് അവതരിപ്പിക്കുന്നത്.
കണ്ണൂർ വിളയാങ്കോട് സ്വദേശിയായ പ്രദീപ് മണ്ടൂർ ഒരു മാസക്കാലമായി സമാജത്തിൽ ഈ നാടകങ്ങളുടെ പരിശീലനവുമായി ബന്ധപ്പെട്ട് ബഹ്റൈനിലുണ്ട്. നിരവധി നാടക സമാഹാരങ്ങളും തിരക്കഥയും രചിച്ചിട്ടുള്ള പ്രദീപ് കേരളത്തിലങ്ങോളമിങ്ങോളം നിരവധി നാടക സമിതികൾക്കും സംഘടനകൾക്കും വേണ്ടി നാടകങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി അവാർഡ് അടക്കം നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.