ഐ.സി.ആർ.എഫ് തൊഴിലാളികൾക്കായി സൗജന്യ മെഡിക്കൽ ചെക്കപ്പ് ക്യാമ്പ് സംഘടിപ്പിച്ചു

മനാമ: ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി.ആർ.എഫ്) അൽ ബുരിക്ക് സമീപമുള്ള അബ്ദുൽ റഹ്മാൻ ഇബ്രാഹിം അൽമൂസ കമ്പനി തൊഴിലാളികൾക്കായി മെയ് 23 (വ്യാഴാഴ്ച) സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഐ.സി.ആർ.എഫിന്റെ 131 മത് മെഡിക്കൽ ക്യാമ്പാണ് വ്യാഴാഴ്ച നടത്തിയത്.

സാൽമണിയ മെഡിക്കൽ സെന്റർ, കിംഗ് ഹമദ് ഹോസ്പിറ്റൽ, അമേരിക്കൻ മിഷൻ ഹോസ്പിറ്റൽ, മിഡിൽ ഈസ്റ് മെഡിക്കൽ സെന്റർ, എഎസ്ആർഐ ക്ലിനിക്, അൽ അമാൽ ഹോസ്പിറ്റൽ എന്നിവിടങ്ങളിലെ എട്ട് സീനിയർ മെഡിക്കൽ കൺസൽട്ടൻസും പാരാ മെഡിക്കൽ സ്റ്റാഫുകളും ക്യാമ്പിൽ പങ്കെടുത്തു. കമ്പനിയിലെ 250 തൊഴിലാളികൾക്ക് സൗജന്യ മെഡിക്കൽ പരിശോധന നടത്തി.

ക്യാമ്പിൽ ആരോഗ്യ ബോധവൽക്കരണത്തിനു സുരക്ഷിതത്വപരിപാടിക്കും പുറമേ സൗജന്യ ബ്ലഡ് ഷുഗർ, ബ്ലഡ് പ്രഷർ പരിശോധനയും നടത്തി. ഡോ.ബാബു രാമചന്ദ്രൻ, ഡോ. ദിലീപ് എന്നിവരുടെ നേതൃത്വത്തിൽ ഹൃദയാഘാതത്തെ അഭിമുഖീകരിക്കുന്നത്തിനുള്ള പ്രാഥമിക ശ്രുശ്രൂഷ പ്രകടനവും സംഘടിപ്പിച്ചു.

ഇന്ത്യൻ എംബസിയിലെ സെക്കന്റ് സെക്രട്ടറി (കൗൺസിലർ) പി കെ ചൗധരി,ഐ.സി.ആർ.എഫ് ചെയർമാൻ അരുൾദാസ് തോമസ്, ഐ.സി.ആർ.എഫ് വൈസ് ചെയർമാൻ ഡോ.ബാബു രാമചന്ദ്രൻ, ജോൺ ഫിലിപ്പ് (ഐ.സി.ആർ.എഫ്) ജനറൽ സെക്രട്ടറി, ഐ.സി.ആർ.എഫ് ജോയിന്റ് സെക്രട്ടറി പങ്കജ് നല്ലൂർ, ഐ.സി.ആർ.എഫ് മെഡിക്കൽ ക്യാമ്പ് കൺവീനർ സുധീർ തിരുനാളത്ത്, ശിവ കുമാർ,ഫ്ലോറെൻസ് മതിയ്സ്, സുഷമ അനിൽ, സതീഷ് കുമാർ, സ്പന്ദന കിഷോർ, ജ്യോതി മേനോൻ എന്നിവർ മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്തു.

അബ്ദുൽ റഹ്മാൻ ഇബ്രാഹിം അൽമൂസ കമ്പനി ഫിനാൻഷ്യൽ മാനേജർ ബിന്ദു പ്രകാശ് ക്യാമ്പിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി രേഖപ്പെടുത്തി. എല്ലാ ഡോക്ടർമാർക്കും പാരാ മെഡിക്കൽ സ്റ്റാഫുകൾക്കും വോളന്റീർസിനും കമ്പനി സർട്ടിഫിക്കറ്റുകൾ നൽകി. ഐ.സി.ആർ.എഫ് 2002 മുതൽ ബഹ്റൈനിൽ സ്ഥിരമായി മെഡിക്കൽ ചെക്ക്അപ്പ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നുണ്ട്. നിരവധി തൊഴിലാളി ക്യാമ്പുകളിൽ ഐ.സി.ആർ.എഫ് മെഡിക്കൽ ക്യാമ്പുകൾ നടത്തി. ഇത്തരത്തിൽ 131 മത് മെഡിക്കൽ ക്യാമ്പാണ് വ്യാഴാഴ്ച നടന്നത്. ഏതാണ്ട് 49,000 തൊഴിലാളികൾക്ക് ഈ പ്രയോജനം ലഭിച്ചിട്ടുണ്ട്.