ബഹ്‌റൈൻ കേരളീയ സമാജം എല്ലാവർഷവും കുട്ടികൾക്കായി നടത്തിവരാറുള്ള 45 ദിവസം നീണ്ടു നിൽക്കുന്ന സമ്മർ ക്യാമ്പ് കളിക്കളം – 2019 ജൂലൈ 03 ന് ആരംഭിച്ച് ആഗസ്റ്റ് 16 വെള്ളിയാഴ്ച്ച അവസാനിക്കും വിധമാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. എല്ലാ വർഷവും ക്യാമ്പിന് നേതൃത്വം കൊടുക്കുവാനായി നാട്ടിൽ നിന്നും കലാ, സാഹിത്യ, നാടക , സിനിമ രംഗത്തെ പ്രഗൽഭരായ ജിജോയ്, ഭാസ്കരപൊതുവാൾ, മനോജ് നാരായണൻ, ഉദയൻ കുണ്ടം കുഴി, പ്രശാന്ത് നാരായണൻ തുടങ്ങിയവരാണ് മുൻ കാലങ്ങളിൽ ഇവിടെ എത്തിച്ചേർന്നിട്ടുള്ളത്.
1984 ൽ അവധിക്കാല കളരികൾക്ക് തുടക്കം കുറിച്ചുകൊണ്ട് ആലപ്പുഴ കേന്ദ്രമായി പ്രവർത്തിച്ചുവരുന്ന കേരളത്തിലെ കുട്ടികളുടെ തീയേറ്ററായ ചിക്കൂസ് കളിയരങ്ങിന്റെ ഡയറക്ടറും, ചിത്രകലാ അധ്യാപകനായി സംസ്ഥാന വിദ്യാഭ്യാസ വകുപ്പിൽ 35 വർഷകാലം സേവനമനുഷ്ഠിച്ചിട്ടുള്ള മികച്ച കലാ പ്രവർത്തനത്തിന് 1999ൽ നാഷണൽ അവാർഡിൽ ടീച്ചേർസ് ഫെഡറേഷന്റെ ഗുരു ശേഷ്ട്ര പുരസ്കാര ജേതാവും, കുട്ടികളുടെ കലാപ്രവർത്തനങ്ങൾക്ക് ഒട്ടനവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുള്ള സംസ്ഥാനത്തൊട്ടാകെ 2000 ൽ അധികം വേദികളിൽ ക്ലാസുകൾ നയിച്ച 2009 മുതൽ വിദേശ രാജ്യങ്ങളിൽ തുടർച്ചയായി അവധിക്കാല ക്ലാസ്സുകൾക്ക് നേതൃത്വം നൽകുന്ന ശ്രീ ചിക്കൂസ് ശിവനും, ശ്രീമതി രാജേശ്വരി ശിവനും ആണ് ഈ വർഷത്തെ ക്യാമ്പിന് നേതൃത്വം കൊടുക്കുവാനായി എത്തിച്ചേരുന്നത് .
മുഴുവൻ സമയവും കുട്ടികളുടെ തീയേറ്ററുമായി ബന്ധപ്പെട്ട് മാത്രം പ്രവർത്തിക്കുന്ന ശ്രീ .ചിക്കൂസ് ശിവൻ കുട്ടികളുടെ നാടക വേദികളിൽ രചനയും സംവിധാനവും വേഗതയേറിയ ചിത്രീകരണവും കുട്ടികളാൽ അവരുടെ സർഗ്ഗ ശേഷിയെ പ്രോത്സാഹിപ്പിക്കും വിധം കളി ചിരിയുടെ താളമേളത്തിൽ വരയും ചിരിയും ചിന്തയും എന്ന വിഷയത്തിലും കുട്ടികളെ അവരുടെ അഭിരുചികളിലേക്ക് നയിക്കുന്നതാണ്. വിവിധ മേഖലകളിൽ പ്രഗൽഭരായ പതിനഞ്ചോളം സമാജം അംഗങ്ങളും ക്യാമ്പിൽ പരിശീലകരായി മുഴുവൻ സമയവും ഉണ്ടായിരിക്കുന്നതാണ് .
വിജ്ഞാനത്തിന്റെ മേഖലകൾ അതിവേഗം വികസിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ അതിന്റെ ചൈതന്യം ഉൾകൊള്ളാനും സർഗ്ഗാത്മക സിദ്ദികൾക്കു പുതിയ മാനങ്ങൾ കണ്ടെത്തുന്നതോടൊപ്പം സമഗ്രമായ വിജ്ഞാന വർദ്ധനവിനും ഈ ക്യാമ്പ് സഹായകരമാകും. കഴിഞ്ഞുപോയ കാലഘട്ടങ്ങൾ , ആനന്ദം നിറഞ്ഞ കാഴ്ചകൾ, മലയാള കരയിലെ ആഘോഷങ്ങൾ ബാല്യ കൗമാര കൂട്ടായ്മകൾ എന്നിവയുടെ ഓർമ്മ ചെപ്പു തുറന്നുകൊണ്ട് കുട്ടി പാട്ടുകൾ, കുട്ടി കഥകൾ, കുട്ടിയും കോലും, വട്ടുകളി തലപ്പന്ത്, അടിച്ചോട്ടം, കൊച്ചം കുത്ത്, ഉപ്പും പക്ഷി, തുമ്പകളി, എന്നിങ്ങനെ വിവിധയിനം കളികൾ, നൃത്തം, സംഗീതം , നാടൻ പാട്ട്, സാഹിത്യം, തിയേറ്റർ ക്യാമ്പ്, ചിത്രരചന കാർട്ടൂൺ, ക്രാഫ്റ്റ്, പാചകം, തുന്നൽ എന്നിവയിലും കുട്ടികൾക്ക് പരിശീലന ക്ലാസുകൾ ഉണ്ടാകും. അതോടൊപ്പം വ്യക്തിത്വ വികസനം, പ്രസംഗ പരിശീലനം , വിമാന യാത്രയെക്കുറിച്ചുള്ള വിവരണം, ട്രാഫിക്, ഇലക്ട്രിക്ക് ഉപകരണങ്ങൾ, മെഡിക്കൽ ബോധവൽക്കരണം, തുടങ്ങിയ നിരവധി ക്ലാസുകൾ, കരോട്ടെ, ബാസ്കറ്റ് ബോൾ, ഫുട്ബോൾ, വോളിബാൾ ,ബാഡ്മിന്റൺ, സ്പോർട്സ്, എന്നിങ്ങനെ വിവിധയിനം കലാ കായിക പരിപാടികൾ ക്യാമ്പിന്റ പ്രത്യേകതകൾ ആയിരിക്കും .
5 വയസ്സുമുതൽ 15 വയസ്സുവരെയുള്ള കുട്ടികൾക്കാണ് ക്യാമ്പിൽ പ്രവേശനം അനുവദിക്കുന്നത് ജൂലൈ 3 മുതൽ ആഗസ്റ്റ് 16 വരെ നീണ്ടു നിൽക്കുന്ന ക്യാമ്പിലേക്കുള്ള റെജിസ്ട്രേഷൻ ആരംഭിച്ചതായി സമാജം ഭാരവാഹികൾ അറിയിച്ചു. ബഹ്റിനിലെ വിവിധ പ്രദേശങ്ങളിൽ നിന്നും ക്യാമ്പ് അവസാനിക്കുന്നതുവരെ സ്ഥിരമായ വാഹന സൗകര്യം ഏർപ്പാടാക്കിയിട്ടുണ്ട് . സമാജം കലാവിഭാഗം സെക്രട്ടറി ശ്രീ . ഹരീഷ് മേനോൻ കോ ഓർഡിനേറ്റർ അയി, ശ്രീ .മനോഹരൻ പാവറട്ടി ജനറൽ കൺവീനറും, ശ്രീമതി .ജയ രവികുമാർ ക്യാമ്പ് കൺവീനർ, ശ്രീ .റെജി കുരുവിള ലോജിസ്റ്റിക് കൺവീനറുമായി വിപുലമായ കമ്മറ്റിയാണ് സമ്മർ ക്യാമ്പിന് നേതൃത്വം കൊടുക്കുന്നത്.
ആഗസ്റ്റ് പതിനാറിന് സംഘടിപ്പിക്കുന്ന സമാപന സമ്മേളനത്തിൽ ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും കുട്ടികൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്. പ്രവാസികളായ നമ്മുടെ കുട്ടികൾക്ക് നമ്മുടെ സംസ്കാരത്തെയും സാഹിത്യത്തെയും കലയെയും പാരമ്പര്യത്തെയും തിരിച്ചറിയാൻ ലഭിക്കുന്ന അസുലഭ അവസരമാണ് ഇത്തരം ക്യാമ്പുകൾ . അവരുടെ സർഗ്ഗ വാസനകളെ കണ്ടെത്തി കലാ,സാഹിത്യ,കായിക കഴിവുകളെ പ്രോത്സാഹിപ്പിക്കുവാനും അവ വേദികളിൽ അവതരിപ്പിക്കാനുള്ള അവസരമൊരുക്കിയുമാണ് ഈ അവധി ക്കാല ക്യാമ്പിന് സമാജം തയ്യാറെടുക്കുന്നത് .
ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നും ക്യാമ്പ് വിജയിപ്പിക്കുന്നതിനുള്ള എല്ലാ സഹായ സഹകരണങ്ങളും ഉണ്ടാകണമെന്നും സമാജം പ്രസിഡണ്ട് ശ്രീ .പി.വി . രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി ശ്രീ .എം .പി .രഘു എന്നിവർ അഭ്യർത്ഥിച്ചു.റെജിസ്ട്രേഷനും മറ്റു വിവരങ്ങൾക്കുമായി ജനറൽ കൺവീനർ മനോഹരൻ പാവറട്ടി ( 39848091 )ക്യാമ്പ് കൺവീനർ ശ്രീമതി .ജയ രവികുമാർ ( 36782497 ) കലാവിഭാഗം സെക്രട്ടറി ശ്രീ . ഹരീഷ് മേനോൻ ( 33988196 ) എന്നിവരുമായോ സമാജം ഓഫീസുമായോ ( 17251878 )ബന്ധപ്പെടാവുന്നതാണ്.