യു എ ഇ യിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഈദുല്‍ ഫിത്വര്‍ അവധി പ്രഖ്യാപിച്ചു

ദുബായ്: യു എ ഇ യിലെ സ്കൂളുകള്‍ക്ക് ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. ജൂണ്‍ രണ്ട് ഞായറാഴ്ച മുതല്‍ ജൂണ്‍ ആറ് വ്യാഴാഴ്ച വരെ സ്കൂളുകള്‍ക്ക് അവധിയായിരിക്കുമെന്നാണ് നോളജ് ആന്റ് ഹ്യൂമന്‍ ഡെവലപ്മെന്റ് അതോരിറ്റി ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്. യുഎഇയിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ചെറിയ പെരുന്നാളിന് ആറ് ദിവസമാണ് അവധി പ്രഖ്യാപിച്ചത്. ജൂണ്‍ രണ്ട് മുതല്‍ ഏഴ് വരെയാണ് അവധി. എന്നാല്‍ മേയ് 31 വെള്ളിയാഴ്ചയിലെയും ജൂണ്‍ ഒന്ന് ശനിയാഴ്ചയിലെയും വാരാന്ത്യ അവധി ദിനങ്ങള്‍ കൂടി കണക്കാക്കുമ്പോള്‍ ഒന്‍പത് ദിവസത്തെ അവധിയാണ് പൊതുമേഖലയ്ക്ക് ലഭിക്കുന്നത്.

സ്വകാര്യ മേഖലയുടെ ഇത്തവണത്തെ അവധി ദിനങ്ങള്‍ സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഇതുവരെ വന്നിട്ടില്ല. യുഎഇ ഇസ്ലാമികകാര്യ വകുപ്പിന്റെ അനുമാനപ്രകാരം ഇത്തവണ റമദാനില്‍ 30 ദിനങ്ങളുണ്ടാകും. ജൂണ്‍ നാലായിരിക്കും റമദാനിലെ അവസാന ദിനം. അങ്ങനെയാണെങ്കില്‍ ജൂണ്‍ മൂന്ന് തിങ്കള്‍ മുതല്‍ ജൂണ്‍ ഏഴ് വെള്ളിയാഴ്ച വരെ സ്വകാര്യ മേഖലക്ക് അവധി കിട്ടുന്നതായിരിക്കും.