ഇന്ത്യൻ സ്‌കൂൾ റിഫ കാമ്പസിന്റെ വാട്ടർപ്രൂഫിംഗ് അറ്റകുറ്റപ്പണികൾക്കായി ടെൻഡർ ക്ഷണിച്ചു

ISB Riffa

മനാമ: ഇന്ത്യൻ സ്‌കൂൾ റിഫ കാമ്പസിന്റെ വാട്ടർപ്രൂഫിംഗ് അറ്റകുറ്റപ്പണികൾക്കായി സ്കൂൾ വെബ്‍സൈറ്റിലൂടെ ടെൻഡർ ക്ഷണിച്ചു. 3,376 ചതുരശ്ര മീറ്റർ കോൺക്രീറ്റ് മേൽക്കൂരയുടെ അറ്റകുറ്റപ്പണികളും സാൻഡ്‌വിച്ച് പാനൽ മേൽക്കൂരയിലെ ഗട്ടർ, ഡ്രെയിൻ ഹോൾ എന്നിവയുടെ അറ്റകുറ്റപ്പണികളും നടത്തുന്നതിനാണ് ടെണ്ടർ ക്ഷണിച്ചിരിക്കുന്നത്. വാട്ടർപ്രൂഫിംഗ് അറ്റകുറ്റപ്പണികൾക്ക് ശേഷം, പുനരുപയോഗ ഊർജം ഉപയോഗിക്കുന്നതിന് രൂപകൽപ്പന ചെയ്ത സോളാർ പാനൽ സിസ്റ്റം മേൽക്കൂരയുടെ ഉപരിതലത്തിനു കേടുപാടുകൾ കൂടാതെ സ്ഥാപിക്കും.

 

ഈ അറ്റകുറ്റപ്പണികൾക്ക് സ്കൂൾ നിയമിച്ച അംഗീകൃത കൺസൾട്ടന്റായ ടെക്നോളജി എഞ്ചിനീയറിംഗ് മേൽനോട്ടം വഹിക്കും. ഇക്കഴിഞ്ഞ ജൂൺ 28-ന് നടന്ന സ്‌കൂൾ അടിയന്തര ജനറൽ ബോഡി യോഗത്തിൽ റിഫ കാമ്പസിലെ വാട്ടർപ്രൂഫിംഗ് ജോലികൾക്കുള്ള സാമ്പത്തിക അനുമതിയെന്ന അജണ്ട അംഗീകരിച്ചിരുന്നു. 2014-ലാണ് 40,000 ചതുരശ്ര മീറ്റർ സ്ഥലത്ത് 2.5 ദശലക്ഷം ദിനാർ ചെലവിൽ ഇന്ത്യൻ സ്‌കൂൾ റിഫ കാമ്പസ് കെട്ടിടം ഉദ്ഘാടനം ചെയ്യപ്പെടുന്നത്. അടുത്തകാലത്തായി റിഫ കാമ്പസ് കെട്ടിടത്തിന്റെ ചോർച്ചയും കേടുപാടുകളും സംബന്ധിച്ച് റിപ്പോർട്ട് ഉണ്ടായിരുന്നു. നിർമ്മാണവേളയിലെ മേൽക്കൂരയിലെ വാട്ടർപ്രൂഫിംഗിലെ ഗുരുതരമായ പിഴവുകളാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചത്. അതിനാൽ വാട്ടർപ്രൂഫിംഗ് അറ്റകുറ്റപ്പണികൾക്കായി സാമ്പത്തിക അനുമതി അടിയന്തര ജനറൽ ബോഡി യോഗം അംഗീകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കർശന വ്യവസ്ഥകളോടെ ടെണ്ടർ ക്ഷണിച്ചിരിക്കുന്നത്.

 

താൽപ്പര്യമുള്ള കരാറുകാർ ജൂലൈ 14-നകം ഇമെയിൽ വഴി പങ്കാളിത്തം സ്ഥിരീകരിക്കേണ്ടതുണ്ട്. തുടർന്ന് ജൂലൈ 15 ന് രാവിലെ 8 മണിക്ക് ഇന്ത്യൻ സ്കൂൾ റിഫ കാമ്പസിൽ ഒരു സൈറ്റ് സർവേ ഉണ്ടായിരിക്കും. ലേലത്തിൽ പങ്കെടുക്കുന്നവർ തങ്ങളുടെ അന്വേഷണങ്ങൾ ജൂലൈ 22നുള്ളിൽ സമർപ്പിക്കണം. സീൽ ചെയ്ത ടെൻഡറുകൾ ജൂലായ് 25 ന് ഉച്ചയ്ക്ക് 2 മണിക്കകം ഇന്ത്യൻ സ്‌കൂൾ ഇസ ടൗൺ കാമ്പസിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾ സ്കൂൾ വെബ്സൈറ്റിൽ ലഭ്യമാണ്: https://indianschool.bh/tenders.php . ഗുണനിലവാരത്തിൽ വിട്ടുവീഴ്ചയില്ലാതെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തിയും സുസ്ഥിരമായ അറ്റകുറ്റപ്പണികൾ ഉറപ്പാക്കിയും മികച്ച പഠനാന്തരീക്ഷം ഉറപ്പുവരുത്തുന്നതിനുള്ള സ്‌കൂളിന്റെ പ്രതിബദ്ധതയെയാണ് ഈ ടെൻഡർ പ്രക്രിയ അടിവരയിടുന്നതെന്ന് ഇന്ത്യൻ സ്‌കൂൾ ചെയർമാൻ അഡ്വ.ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, ഇ.സി അംഗങ്ങൾ, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി എന്നിവർ പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!