മനാമ: കെ.എം.സി.സി ബഹ്റൈൻ മലപ്പുറം ജില്ല കമ്മിറ്റി അവധിക്കാലത്ത് വിദ്യാർഥികൾക്കുവേണ്ടി സംഘടിപ്പിക്കുന്ന സമ്മർ ക്യാമ്പ് ജൂലൈ 21 മുതൽ ആഗസ്റ്റ് 16 വരെ മനാമ കെ.എം.സി.സി ഹാളിൽ നടക്കും. രാവിലെ എട്ടു മുതൽ ഉച്ചക്ക് ഒന്നു വരെയാണ് ക്യാമ്പ് നടക്കുന്നത്. ഏഴു മുതൽ 15 വയസ്സ് വരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം. വ്യക്തിത്വ വികസനം, നേതൃപാടവം, ലൈഫ് സ്കിൽസ്, ആർട്സ്, സ്പോർട്സ്, ഫസ്റ്റ് എയ്ഡ്, ട്രോമാ കെയർ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഫ്യൂചർ വേൾഡ്, എന്റർപ്രണർഷിപ് തുടങ്ങി വിവിധ വിഷയങ്ങളിൽ ട്രെയ്നിങ് സെഷനുകൾ നടക്കും. ക്യാമ്പിന്റെ ഭാഗമായി ശിൽപശാലകൾ, ആർട്സ് ഫെസ്റ്റ്, സ്പോർട്സ് മീറ്റ്, ഗെയിംസ്, പ്രായോഗിക പരിശീലനം, മത്സരങ്ങൾ, മിനി എക്സ്പോ ടാലന്റ് ടെസ്റ്റ്, ഫാമിലി മീറ്റ് എന്നിവ സംഘടിപ്പിക്കും. ക്യാമ്പിന്റെ ഭാഗമായി രക്ഷിതാക്കൾക്ക് പ്രത്യേക സെഷനുകളുണ്ടായിരിക്കും.
ഇന്ത്യയിൽനിന്നുള്ള വിദഗ്ധ പരിശീലകരായ നബീൽ മുഹമ്മദ്, യഹ്യ മുബാറക് എന്നിവരാണ് ക്യാമ്പിന് നേതൃത്വം നൽകുന്നത്. ജൂലൈ 20ന് രാത്രി 7 മണിക്ക് നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ കെ.എം.സി.സി സ്റ്റേറ്റ് നേതാക്കൾ സംബന്ധിക്കും. ഉദ്ഘാടനച്ചടങ്ങിനു ശേഷം വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമുള്ള ഓറിയന്റേഷൻ ക്ലാസ് സംഘടിപ്പിക്കുമെന്നും മലപ്പുറം ജില്ല കെ.എം.സി.സി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സമ്മർ ക്യാമ്പിനു കുട്ടികളെ രജിസ്റ്റർചെയ്യാൻ താൽപര്യപ്പെടുന്ന രക്ഷിതാക്കൾ 33674020, 33165242, 36061310 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം. കെ.എം.സി.സി സംസ്ഥാന ആക്ടിങ് ജനറൽ സെക്രട്ടറി ഗഫൂർ കൈപ്പമംഗലം, ജില്ല പ്രസിഡന്റ് ഇക്ബാൽ താനൂർ, ആക്ടിങ് ജനറൽ സെക്രട്ടറി വി. കെ. റിയാസ്, മറ്റു ഭാരവാഹികളായ ഉമ്മർ കൂട്ടിലങ്ങാടി, മുജീബ് ആഡ്വവെൽ, നൗഷാദ് മുനീർ, കെ.ആർ. ശിഹാബ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.