മനാമ: കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റി ഒരു മാസത്തോളമായി സംഘടിപ്പിച്ചു വരുന്ന പ്രോട്ടീൻ സമ്മർ ഫിയസ്റ്റയുടെ ഗ്രാൻഡ് ഫിനാലെ ആഗസ്റ്റ് 16ന് കെ.എം.സി.സി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. ജൂലൈ 21ന് ആരംഭിച്ച ക്യാമ്പിൽ ആറു മുതൽ 14 വയസ്സ് വരെയുള്ള കുട്ടികളാണ് പങ്കെടുത്തു കൊണ്ടിരിക്കുന്നത്. ആക്ടിവിറ്റികൾ, കലാപ്രകടനങ്ങൾ, ആർട്സ് ഫെസ്റ്റ്, സ്പോർട്സ് മീറ്റ്, ലൈഫ് സ്കിൽ ട്രെയിനിങ്, ട്രോമാ കെയർ ഫസ്റ്റ് എയ്ഡ് ട്രെയിനിങ്, ഗെയിംസ്, മാഗസിൻ റിലീസ് തുടങ്ങി നിരവധി പ്രവർത്തങ്ങൾ ക്യാമ്പിന്റെ ഭാഗമായി നടന്നു.
വ്യക്തിത്വ വികസനം, നേതൃപാടവം, ലൈഫ് സ്കിൽസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഫ്യൂചർ വേൾഡ്, എന്റർപ്രണർഷിപ്, കരിയർ തുടങ്ങി വിവിധ വിഷയങ്ങളിൽ ട്രെയിനിങ് സെഷനുകൾ നടന്നു. ഇന്ത്യയിൽ നിന്നെത്തിയ പ്രശസ്ത ലൈഫ് സ്കിൽ ട്രെയിനർമാരായ നബീൽ പാലത്തും യഹ്യ മുബാറക്കുമാണ് ക്യാമ്പിന് നേതൃത്വം നൽകിക്കൊണ്ടിരിക്കുന്നത് .
ക്യാമ്പിന്റെ ഗ്രാൻഡ് ഫിനാലെ നടക്കുന്ന ആഗസ്റ്റ് 16ന് ലൈഫ് കാർണിവൽ എക്സിബിഷൻ, കലാ പരിപാടികൾ, പാരന്റിങ് ട്രെയിനിങ് എന്നിവ വിദ്യാർഥികളുടെ നേതൃത്വത്തിൽ പൊതു ജനങ്ങൾക്കായി സംഘടിപ്പിക്കും. സമാപന സംഗമത്തിൽ ഇന്ത്യൻ സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ മുഖ്യാതിഥിയാകും. കെ.എം.സി.സി സംസ്ഥാന, ജില്ല, ഏരിയ, മണ്ഡലം നേതാക്കൾ ചടങ്ങിൽ സംബന്ധിക്കും.