മനാമ: വയനാട് മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ സർവതും നഷ്ടപ്പെട്ടവർക്ക് കൈത്താങ്ങായി ഐ.വൈ.സി.സി ബഹ്‌റൈൻ. ഐ.വൈ.സി.സി ബഹ്‌റൈൻ സാന്ത്വന സ്പർശം പദ്ധതിയിൽ ഉൾപെടുത്തിക്കൊണ്ട്, ആദ്യഘട്ട പദ്ധതിയായി അർഹതപ്പെട്ട 3 പേർക്ക് ജീവനോപാധി എന്ന നിലയിൽ മൂന്നു ഓട്ടോറിക്ഷകൾ നൽകും.
ജീവനോപാധി നഷ്ടപ്പെട്ട കുടുംബങ്ങളുടെ ഉപജീവനത്തിന് ഇത്തരം പ്രവർത്തനങ്ങൾ കൊണ്ട് സാധിക്കുമെന്ന് ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ എക്സിക്യൂട്ടീവ് യോഗം വിലയിരുത്തി. പദ്ധതിയുടെ നടത്തിപ്പിനായി ഫാസിൽ വട്ടോളി കൺവീനറായും, വിൻസു കൂത്തപ്പള്ളി, റിനോ സ്കറിയ, നിധീഷ് ചന്ദ്രൻ, ഷിഹാബ് കറുകപുത്തൂർ, അൻസാർ ടി.ഇ, ഷാഫി വയനാട് എന്നിവർ അംഗങ്ങളായും 7 അംഗ കമ്മിറ്റി രൂപീകരിച്ചു
ദുരിതബാധിതരുടെ തൊഴിൽ, വിദ്യാഭ്യാസ, ഉപജീവന മാർഗ മേഖലകളിലടക്കം പദ്ധതികളുടെ തുടർച്ച ഉണ്ടാകുമെന്ന് ഐ.വൈ.സി.സി ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ്, ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രെഷറർ ബെൻസി ഗനിയുഡ്, ദേശീയ ചാരിറ്റി വിങ് കൺവീനർ സലീം അബൂത്വാലിബ് എന്നിവർ പത്ര പ്രസ്ഥാവനയിൽ അറിയിച്ചു.