മനാമ: കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും സമുന്നത നേതാക്കളായിരുന്ന പി. കൃഷ്ണപിള്ള, സി. അച്യുതമേനോൻ അനുസ്മരണം ബഹ്‌റൈൻ നവകേരള ഇന്ത്യൻ ക്ലബ്ബിൽ വച്ച് നടത്തി. പി. കൃഷ്ണപിള്ള അനുസ്മരണം മുൻ ഇന്ത്യൻ സ്കൂൾ വൈസ് ചെയർമാനും പൊതു പ്രവർത്തകനുമായ ആർ. പവിത്രൻ നടത്തി. അദ്ദേഹത്തിന്റെ നവോഥാന പ്രവർത്തനത്തെ പറ്റിയും രാഷ്ട്രീയ പ്രവർത്തനത്തെ പറ്റിയും പൊതു പ്രവർത്തകർ മാതൃകയാക്കേണ്ട പ്രവർത്തന രീതികളെ പറ്റിയും അനുസ്മരണ പ്രസംഗത്തിൽ എടുത്തു പറയുകയുണ്ടായി.
സി. അച്യുതമേനോൻ അനുസ്മരണം ബഹ്‌റൈൻ നവകേരള കോർഡിനേഷൻ കമ്മറ്റി അംഗം എസ്. വി. ബഷീർ നിർവ്വഹിച്ചു. പൊതു പ്രവർത്തനം, ഭരണം, രാഷ്ട്രീയം, ബൌദ്ധികം, സാഹിത്യം എന്നിങ്ങനെ എല്ലാ മേഖലയിലും കഴിവ് തെളിയിക്കുകയും എന്നാൽ സാധാരണക്കാരിൽ സാധാരണക്കാരനായി ജീവിക്കുകയും ചെയ്ത വ്യക്തിയായിരുന്നു അദ്ദേഹമെന്നും കേരളം ഇന്ന് കാണുന്ന എല്ലാ വികസനത്തിന്റെയും അടിസ്ഥാന ശില്പിയും ആയിരുന്നെന്നും പ്രസംഗത്തിൽ പറഞ്ഞു.
കോർഡിനേഷൻ സെക്രട്ടറിയും ലോകകേരളാ സഭാഅംഗവുമായ ഷാജി മൂതല, പൊതു പ്രവർത്തകരായ ഇ എ സലിം, രഞ്ജൻ ജോസഫ്, നവകേരള കോർഡിനേഷൻ കമ്മറ്റി അംഗങ്ങൾ എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ എല്ലാവരും നേതാക്കളെ അനുസ്മരിച്ചു സംസാരിച്ചു. ബഹ്‌റൈൻ നവകേരള പ്രസിഡന്റ് എൻ. കെ ജയന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സെക്രട്ടറി എ.കെ സുഹൈൽ സ്വാഗതവും കോർഡിനേഷൻ അസി. സെക്രട്ടറിയും ലോക കേരളാസഭ അംഗവുമായ ജേക്കബ് മാത്യു നന്ദിയും പറഞ്ഞു.