മനാമ: ബഹ്‌റൈൻ കേരളീയ സമാജം ഓണാഘോഷമായ ‘ശ്രാവണം-2024’ ന്റെ ഭാഗമായി എല്ലാവർഷവും നടന്നുവരുന്ന ബി.കെ.എസ് രുചിമേള സെപ്റ്റംബർ 6 വെള്ളിയാഴ്ച്ച വൈകുന്നേരം മുന്ന് മണി മുതൽ ആരംഭിക്കുമെന്ന് ബി കെ എസ് പ്രസിഡന്റ് പി.വി രാധാകൃഷ്ണ പിള്ളയും സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ശ്രാവണം കൺവീനർ വർഗീസ് ജോർജ് എന്നിവർ അറിയിച്ചു.
കേരളത്തിന്റെ ഭക്ഷണ വൈവിധ്യവും തനിമകളും പ്രദർശിപ്പിക്കുന്ന നിരവധി സ്റ്റാളുകൾ ഇത്തവണയും സജ്ജീകരിച്ചിട്ടുണ്ടെന്നും കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള ഭക്ഷണ പ്രേമികൾക്കുള്ള ആഘോഷമായി ഫുഡ് ഫെസ്റ്റ് മാറുമെന്നും ആസ്വദിക്കാൻ എല്ലാവരെയും സമാജത്തിലേക്ക് ക്ഷണിക്കുന്നതയും സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള പറഞ്ഞു.
പ്രമുഖ അവതാരകനും പാചക വിദഗ്ധനുമായ രാജ് കലേഷാണ് ഫുഡ് ഫെസ്റ്റിവലിന് മുഖ്യാഥിതി ആയി പങ്കെടുക്കുന്നത്. പതിനായിരത്തോളം സന്ദർശകരാണ് കഴിഞ്ഞ വര്ഷങ്ങളിലെ ഓണം ഫുഡ് ഫെസ്റ്റിവൽ സ്റ്റാളുകൾ സന്ദർശിച്ചത്. മൂന്നു മണി മുതൽ ആരംഭിക്കുന്ന ഫെസ്റ്റിവലിൽ വിവിധ കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണെന്ന് സംഘാടകർ അറിയിച്ചു.