മനാമ: ഇന്ത്യൻ സ്‌കൂളിൽ സെപ്റ്റംബർ 5 അധ്യാപക ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. അധ്യാപകരെ ആദരിക്കുന്നതിനുമായി ഇസ ടൗൺ കാമ്പസിൽ വിവിധ പരിപാടികൾ ഒരുക്കിയിരുന്നു. പ്രിഫെക്ട്സ് കൗൺസിൽ അംഗങ്ങൾ അധ്യാപകരുടെ സേവനത്തെ അഭിനന്ദിച്ച് ആശംസാ കാർഡുകൾ നൽകി മധുരം വിതരണം ചെയ്തു. വിദ്യാർത്ഥികൾക്കായി പ്രത്യേക അസംബ്ലി നടന്നു.
അധ്യാപക ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അധ്യാപരും കുട്ടികളും സംസാരിച്ചു. മിഡിൽ വിഭാഗം വൈസ് പ്രിൻസിപ്പൽ ജോസ് തോമസ്, പ്രധാന അധ്യാപിക ശ്രീജ പ്രമോദ് ദാസ്, കോ-ഓർഡിനേറ്റർമാർ എന്നിവർ പങ്കെടുത്ത ചടങ്ങിൽ അധ്യാപകരെ ആദരിച്ചു. വിദ്യാർത്ഥിനി പ്രീതിക എ.തിരുകൊണ്ട പ്രസംഗം നിർവഹിച്ചു. ആകാശ് രഞ്ജു നായരും നിയ നവീനും അവതാരകരായിരുന്നു. എട്ടാം ക്ലാസ് അധ്യാപകരെ വേദിയിൽ ആദരിച്ചു. 30 വർഷത്തെ സേവനം പൂർത്തിയാക്കിയ മിഡിൽ വിഭാഗം അധ്യാപിക ലീജി കുറുവച്ചനെ വേദിയിൽ പ്രത്യേമായി അഭിനന്ദിച്ചു. തത്വചിന്തകനും രാഷ്ട്രതന്ത്രജ്ഞനുമായ ഡോ. എസ്. രാധാകൃഷ്ണന്റെ സ്മരണയിലാണ് എല്ലാ വർഷവും സെപ്റ്റംബർ 5 ന് അധ്യാപക ദിനം ആഘോഷിക്കുന്നത്.
സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി.രാജപാണ്ഡ്യൻ, ഭരണ സമിതി അംഗങ്ങൾ, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി എന്നിവർ അധ്യാപകരുടെ ശ്രദ്ധേയമായ അർപ്പണബോധത്തെ പ്രശംസിക്കുകയും സ്കൂളിന് അവർ നൽകിയ അമൂല്യമായ സംഭാവനകൾക്ക് അഭിനന്ദനം അറിയിക്കുകയും ചെയ്തു.