മനാമ: കേരള പ്രദേശ് കോൺഗ്രസ്സ് കമ്മറ്റിയുടെ പ്രസിദ്ധീകരണ വിഭാഗമായ പ്രിയർശിനി പബ്ലിക്കേഷന്റെ മിഡിൽ ഈസ്റ്റ് ചാപ്റ്റർ ഉദ്ഘാടനം സെപ്റ്റംബർ 21 ശനിയാഴ്ച്ച വൈകിട്ട് 5.30 ന് ഉമ്മുൽ ഹസം കിംസ് ഹെൽത്ത് ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ നടക്കും. ചടങ്ങിന്റെ ഉദ്‌ഘാടനം പ്രശസ്ത കഥാകൃത്ത് ടി.പദ്മനാഭൻ നിർവ്വഹിക്കും.
യോഗത്തിൽ പ്രിയദർശിനി പബ്ലിക്കേഷൻസ് വൈസ് ചെയർമാനും കെപിസിസി ജനറൽ സെക്രട്ടറിയുമായ അഡ്വ.പഴകുളം മധു അധ്യക്ഷത വഹിക്കും. പ്രിയദർശിനി ബുക്ക് ക്ലബ്ബിന്റ്റെ ഉൽഘാടനം കോവളം എം.എൽ.എ എം.വിൻസെന്റ് നിർവ്വഹിക്കും. നളിന കാന്തി ഫീച്ചർ ഫിലിം പ്രദർശന ഉദ്ഘാടനം കെപിസിസി ജനറൽ സെക്രട്ടറി അഡ്വ .കെ പി ശ്രീകുമാറും നിർവ്വഹിക്കും. കൂടാതെ ജേക്കബ് എബ്രഹാമിന്റെ പുസ്തകമായ ബർണ്ണശ്ശേരിയിലെ ചട്ടക്കാരികൾ ചടങ്ങിൽ പ്രകാശനം ചെയ്യും.
സമ്മേളനത്തിൽ എഴുത്തുകാരനും തിരക്കഥാകൃത്തുമായ മൻസൂർ പള്ളൂർ, ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി രാധാകൃഷ്ണ പിള്ള, ഒഐസിസി നേതാക്കളായ രാജു കല്ലുംപുറം, ഗഫൂർ ഉണ്ണികുളം, ബിനു കുന്നന്താനം, ബോബി പാറയിൽ ,പ്രിയദർശിനി പബ്ലിക്കേഷൻ മിഡിൽ ഈസ്റ്റ് കോർഡിനേറ്റർ സഞ്ജു പിള്ള, വിവിധ രാജ്യങ്ങളിലെ നേതാക്കളായ സൈദ് എം. എസ്, നൗഫൽ പാലക്കാടൻ, ജോൺ ഗിൽബർട്ട് എന്നിവരും സംബന്ധിക്കും. അക്ഷര സ്നേഹികളായ മുഴുവൻ മലയാളികളിലേക്കും പ്രിയർശിനി പബ്ലിക്കേഷന്റെ പ്രവർത്തനം എത്തിക്കുക എന്നുള്ളതാണ് തങ്ങളുടെ ദൗത്യമെന്ന് പ്രിയർശിനി പബ്ലിക്കേഷൻ ഭാരവാഹികൾ പറഞ്ഞു. മിഡിൽ ഈസ്റ്റിലെ വായനക്കാരെയും എഴുത്തുകാരെയും പ്രോത്സാഹിപ്പിക്കുക, പുസ്തക മേളകൾ സംഘടിപ്പിക്കുക തുടങ്ങി നിരവധിയായ പ്രവർത്തനങ്ങളാണ് പ്രിയർശിനി പബ്ലിക്കേഷൻ മിഡിൽ ഈസ്റ്റിൽ ലക്ഷ്യമിടുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.