ഇന്ത്യയിൽ വിശാല രാഷ്ടീയ സഖ്യം രൂപപ്പെടണം: റസാഖ് പാലേരി

മനാമ: വീണ്ടും അധികാരത്തിലെത്തിയ നരേന്ദ്ര മോദിയുടെ ഭരണകൂടത്തെ താഴെയിറക്കാൻ രാജ്യത്ത് പ്രവർത്തിക്കുന്ന മുഴുവൻ രാഷ്ടീയ പാർട്ടികളും ഒരുമിച്ചു നിൽക്കുന്ന വിശാല മതേതര ജനാധിപത്യ സഖ്യം അനിവാര്യമായി രൂപപ്പെടണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് റസാഖ് പാലേരി. ഇതിന് തടസ്സമാകുന്ന മുഴുവൻ പ്രാദേശികവും സംഘടനാപരവുമായ ശാഠ്യങ്ങൾ രാജ്യത്തെ പാർട്ടികൾ താൽകാലികമായി മാറ്റിവെക്കുകയും പൊതുശത്രുവിനെതിരെ ഒന്നായി നിൽക്കുകയും വേണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

ഇലക്ഷൻ കമ്മീഷൻ ഉൾപ്പെടെ ജനാധിപത്യത്തിന്റെ സംവിധാനങ്ങളേയും തങ്ങൾക്കനുകൂലമാക്കാൻ ഗൂഢ നീക്കങ്ങളാണ് ബി ജെ പി ഈ ഇലക്ഷനിൽ നടത്തിയത്. വോട്ടിങ്ങ് യന്ത്രങ്ങളിൽ നടത്തിയ തട്ടിപ്പുകൾ ഉൾപ്പെടെ രാഷ്ട്രീയ വിഷയമാക്കി ഉയർത്താൻ കഴിയും വിധം പ്രതിപക്ഷ ഐക്യം രൂപപ്പെടുത്തണം. കേരളം കാണിച്ച രാഷ്ടീയ പ്രബുദ്ധതയിലേക്ക് ഇന്ത്യയിലെ മുഴുവൻ ജനങ്ങളെയും എത്തിക്കാൻ കഴിയണം. വെൽഫെയർ പാർട്ടിയുടെ യു ഡി എഫ് പിന്തുണയും തിരഞ്ഞെടുപ്പിൽ നിശ്ചയിച്ച ദിശയും ചേർന്നപ്പോൾ യു ഡി എഫിന്റെ വലിയ വിജയത്തിന് കാരണമായി. കേരളത്തിലെ പിണറായി സർക്കാറിനെതിരായ ഭരണ വികാരവും സി പി എം പിന്തുടരുന്ന കൊലപാതക രാഷ്ട്രീയത്തിനും രാഷ്ട്രീയ ദാഷ്ട്ര്യത്തിനുമെതിരായ ജനവിധിയാണ് കേരളത്തിലെ യു ഡി ഫിന്റെ വൻ വിജയത്തിന് കാരണമായതെന്നും അദ്ദേഹം കൂട്ടി ചേർത്തു

ഹൃസ്വ സന്ദർശനാർത്ഥം ബഹ്‌റൈനിൽ എത്തിയ വെൽഫയർ പാർട്ടി കേരളയുടെ ഉപാധ്യക്ഷൻ റസാഖ് പാലേരിക്കു സോഷ്യൽ വെൽഫയർ അസോസിയേഷൻ, സിഞ്ചിലെ ഫ്രന്റ്‌സ് ഓഡിറ്റോറിയത്തിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സോഷ്യൽ വെൽഫയർ പ്രസിഡന്റ് സലിം എടത്തല അധ്യക്ഷത വഹിച്ച പരിപാടിയിൽ ജനറൽ സെക്രട്ടറി മുഹമ്മദ് എറിയാട് സ്വാഗതം ആശംസിച്ചു. വൈസ് പ്രസിഡന്റ് മുഹമ്മദ് അലി മലപ്പുറം നന്ദിയും പറഞ്ഞു.