ഡൽഹി: രാഷ്‌ട്രപതി ഭവൻ അങ്കണത്തിൽ വെച്ച് നരേന്ദ്ര മോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രീയത്തിലെന്ന പോലെ ഭരണത്തിലും ഇനി സാരഥ്യം വഹിക്കാൻ അമിത് ഷായും കേന്ദ്രമന്ത്രിസഭയിലുണ്ട്. ചരിത്ര മുഹൂർത്തത്തിൽ എണ്ണായിരത്തോളം വരുന്ന കാണികളെയും ബിംസ്റ്റെക് ഉൾപ്പടെയുള്ള രാഷ്ട്രത്തലവൻമാരെയും സാക്ഷി നിർത്തിയാണ് മോദി സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. വൻ ആരവങ്ങളാണ് മോദി രാഷ്ട്രപതി ഭവനിൽ എത്തിയപ്പോഴും സത്യപ്രതിജ്ഞ ചെയ്യുമ്പോഴും കാണികളിൽ നിന്ന് ഉയർന്നത്.
രാജ്‍നാഥ് സിംഗ് മോദിക്ക് പിന്നാലെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പിന്നീട്ട് അമിത് ഷാ, നിതിൻ ഗഡ്കരി, നിർമലാ സീതാരാമൻ, രാംവിലാസ് പസ്വാൻ, നരേന്ദ്രസിംഗ് തോമർ, രവിശങ്കർ പ്രസാദ്, ഹർസിമ്രത് കൗർ ബാദൽ, തവർ ചന്ദ് ഗെഹ്‍ലോട്ട് എന്നിവർ സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ഭവനിൽ നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ബിംസ്റ്റെക് രാജ്യങ്ങളിൽ നിന്നുള്ള ലോകരാഷ്ട്രത്തലവൻമാരെത്തിയിരുന്നു. മറ്റൊരു പരിപാടിയിലായതിനാൽ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന എത്തിയില്ല. പകരം ബംഗ്ലാദേശ് പ്രസിഡന്‍റ് അബ്ദുൾ ഹമീദാണ് ചടങ്ങിന് സാക്ഷിയായത്. പാകിസ്ഥാനെ മാറ്റി നിർത്തി മറ്റെല്ലാ അയൽ രാജ്യങ്ങളെയും മോദി സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ചിരുന്നു.
രാഷ്ട്രപതി ഭവന്‍റെ മുന്നിലെ വിശാലമായ മുറ്റത്താണ് ചടങ്ങുകൾക്കുള്ള പ്രത്യേക വേദി ഒരുക്കിയത്. ഇവിടെ വച്ച് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്ന ആറാമത്തെ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. 8500-ലധികം പേരാണ് ചടങ്ങിനെത്തിയത്. സിനിമാതാരങ്ങളും, അംബാനിയും അദാനിയും അടക്കമുള്ള ബിസിനസ് പ്രമുഖരും അടക്കം രാജ്യത്തെ മുൻനിര വ്യക്തിത്വങ്ങളുടെ നീണ്ട നിരയും സത്യപ്രതിജ്ഞയ്ക്ക് സാക്ഷിയാകാനെത്തി.