മനാമ: ബ്രിട്ടണിലെ പരമോന്നത ബഹുമതിയായ നൈറ്റ് ഗ്രാൻഡ് ക്രോസ് അവാർഡ് ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയ്ക്ക്. യുണൈറ്റഡ് കിംഗ്ഡം ഓഫ് ഗ്രേറ്റ് ബ്രിട്ടണിന്റേയും നോർത്തേൺ അയർലണ്ടിന്റേയും രാജാവ് ചാൾസ് മൂന്നാമനാണ് അവാർഡ് സമ്മാനിച്ചത്.
റോയൽ വിക്ടോറിയൻ ഓർഡറിന്റെ ഏറ്റവും പ്രമുഖ അവാർഡാണിത്. വിൻസർ കാസിലിൽ നടന്ന ചടങ്ങിലാണ് ഹമദ് രാജാവിന് പുരസ്‌കാരം സമർപ്പിച്ചത്. ഹമദ് രാജാവും ചാൾസ് മൂന്നാമനും തമ്മിൽ കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനെ കുറിച്ച് ഇരുനേതാക്കളും സംസാരിച്ചു.
തനിക്ക് നൽകിയ ഊഷ്മള സ്വീകരണത്തിന് ഹമദ് രാജാവ് ചാൾ രാജാവിനോട് നന്ദി അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിൽ 200 വർഷത്തിലേറെയായി നീണ്ടുനിൽക്കുന്ന ചരിത്രപരമായ ബന്ധത്തെയും ഉഭയകക്ഷി സഹകരണത്തെയും അദ്ദേഹം പ്രശംസിക്കുകയും ചെയ്തു.