മനാമ: ബഹ്‌റൈൻ അന്താരാഷ്ട്ര എയർ ഷോ 2024 ൽ അഭ്യാസപ്രകടനം കാഴ്ചവച്ച് ഇന്ത്യയുടെ സാരംഗ് ടീം. ഇന്ത്യൻ ഏയറോബാറ്റിക് ടീമിന്റെ നാല് ഹെലികോപ്റ്ററുകളാണ് അഭ്യാസപ്രകടനം നടത്തിയത്. കാണികളുടെ മനം കവരുന്ന അഭ്യാസപ്രകടനങ്ങളാണ് സാരംഗ് ടീം നടത്തിയത്.
എയർ ഷോയിൽ എല്ലാ ദിവസവും ഉച്ചയ്ക്കുശേഷം 3.30നാണ് സാരംഗ് ടീമിന്റെ അഭ്യാസ പ്രകടനം നടക്കുക. ബഹ്‌റൈനുമായുള്ള ബന്ധവും സഹകരണവും ശക്തമാക്കുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെ ഉയർത്തിക്കാട്ടുകയാണ് എയർഷോയിലെ സാരംഗിന്റെ അഭ്യാസ പ്രകടനങ്ങൾ.
ലോകമെമ്പാടുമുള്ള എയർഷോകളിൽ ആകർഷകമായ പ്രകടനം കാഴ്ച വച്ച എയർ വാരിയേഴ്‌സ് ഡ്രിൽ ടീമാണിത്. ബംഗളൂരുവിലെ എയർക്രാഫ്റ്റ് ആൻഡ് സിസ്റ്റം ടെസ്റ്റിങ് എസ്റ്റാബ്ലിഷ്‌മെന്റിന്റെ (ASTE) ഭാഗമായി 2002 മാർച്ച് 18 ന് ഇന്ത്യയിൽ നിർമ്മിച്ച ഹെലികോപ്റ്ററുകളായ എച്ച് എ എൽ (HAL) ധ്രുവുകളിൽ ആണ് ഇന്ത്യൻ എയർഫോഴ്‌സ് എയറോബാറ്റിക് ടീം അഭ്യാസപ്രകടനങ്ങൾ നടത്തുന്നത്.