മനാമ: ബഹ്റൈനിലെ പ്രമുഖ വ്യവസായി ഫാറൂഖ് അൽ മുഅയ്യദിന്റെ വിയോഗം ബിസിനസ് ലോകത്തെയും രാജ്യത്തെയും സംബന്ധിച്ചിടത്തോളം തീരാനഷ്ടമാണെന്നും വിയോഗം സൃഷ്ടിച്ച വിടവ് നികത്താനാകാത്തതാണെന്നും ലുലു ഗ്രൂപ് ഇന്റർനാഷനൽ ചെയർമാനും എം.ഡിയുമായ എം.എ. യൂസുഫലി.
ആദരണീയമായ ബിസിനസ് കുടുംബത്തിൽ പിറന്ന ഫാറൂഖ് അൽ മുഅയ്യദ് ബിസിനസ് ലോകത്തും സമൂഹത്തിലും മായാത്ത വ്യക്തിമുദ്ര പതിപ്പിച്ചു. ഇരുപതാം നൂറ്റാണ്ടിലും ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യ പാദത്തിലും ബിസിനസ് മേഖലയിൽ തനതായ സംഭാവനകൾ നൽകിയ അദ്ദേഹം, കോർപറേറ്റ് ലോകത്തിന്റെ ആവശ്യകതകൾക്കനുസൃതമായി രാജ്യത്തെ ബിസിനസ് രംഗത്തെ പരുവപ്പെടുത്തുകയും ആധുനിക രാജ്യം രൂപപ്പെടുത്തുന്നതിൽ നിർണായക പങ്കും വഹിച്ചു.
അദ്ദേഹത്തിന്റെ പ്രവർത്തനം വ്യവസായമേഖലക്ക് ഊർജം നൽകി എന്നു മാത്രമല്ല, സംരംഭകരുടെ പുതിയ തലമുറക്ക് എന്നും പ്രചോദനകരമായിരുന്നു. സമഗ്രമായ കാഴ്ചപ്പാടും സമർപ്പണവും മികവിനോടുള്ള അഭിനിവേശവും അദ്വീതീയമാണ്, അദ്ദേഹത്തിന്റെ പൈതൃകം ഭാവി തലമുറകൾക്ക് എന്നും ആവേശമായിരിക്കും.
കുടുംബത്തിനെയും സുഹൃത്തുക്കളെയും അദ്ദേഹം ജീവിതത്തിൽ ആഴത്തിൽ സ്പർശിച്ച ബഹ്റൈൻ സമൂഹത്തെയും തന്റെയും ലുലു ഗ്രൂപ്പിന്റെയും ഹൃദയംഗമമായ അനുശോചനം അറിയിക്കുകയാണെന്നും എം.എ. യൂസുഫലി പറഞ്ഞു. ബിസിനസ് രംഗത്തെ അതികായൻ എന്ന നിലക്കുള്ള അദ്ദേഹത്തിന്റെ പ്രവർത്തനവും കാഴ്ചപ്പാടും ബഹ്റൈന്റെ ഭാവി വളർച്ചക്ക് ഇനിയും മാർഗദർശകമാകുമെന്നും അനുശോചന സന്ദേശത്തിൽ പറഞ്ഞു.