കേരളത്തിൽനിന്ന് ഗൾഫിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കിൽ വൻവർദ്ധനവ്

തിരുവനന്തപുരം: റംസാനുശേഷം കേരളത്തിൽനിന്ന് ഗൾഫിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കിൽ വൻവർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. അടുത്തയാഴ്ച മുതൽ ഗൾഫ് രാജ്യങ്ങളിൽ അവധിക്കാലം അവസാനിക്കുന്ന സാഹചര്യത്തിലാണ് ടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്നത്. കണ്ണൂരിൽനിന്ന് ഗൾഫിലേക്കുള്ള നിരക്ക് സംസ്ഥാനത്തെ മറ്റു വിമാനത്താവളങ്ങളിൽ നിന്നുള്ളതിന്റെ ഇരട്ടിയായി. കണ്ണൂരിൽനിന്ന് സർവീസ് കുറവായതാണ് നിരക്ക് ഇത്രയും കൂടാൻ കാരണമെന്നാണ് വിലയിരുത്തൽ.

സാധാരണ 6,000 മുതൽ 12,000 രൂപവരെയുണ്ടായിരുന്ന ടിക്കറ്റ് നിരക്ക് ഇപ്പോൾ 14,000 മുതൽ 48,000 രൂപ വരെയാണ് കൂടിയത്. ജൂൺ ഒൻമ്പതിന് കൊച്ചിയിൽനിന്ന് ദുബായിലേക്കുള്ള ടിക്കറ്റ് നിരക്ക് 12,700 രൂപയാണ്. തിരുവനന്തപുരത്തുനിന്ന് 14,000, കോഴിക്കോട്ടുനിന്ന് 15,000 എന്നിങ്ങനെയാണ് നിരക്ക്. അതേദിവസം കണ്ണൂരിൽനിന്ന് ദുബായിലേക്ക് 25,700 രൂപ നൽകണം.