ജുബൈല്‍: സുഹൃത്തുമൊത്ത് ചെറിയ പെരുന്നാള്‍ അവധി ആഘോഷിച്ച് ബഹ്റൈനില്‍നിന്ന് തിരിച്ചുവരുന്നതിനിടെ തിരുവനന്തപുരം സ്വദേശി മരിച്ചു. പറവണക്കോണം സ്വദേശി പദ്മകുമാര്‍ വനജാക്ഷി സഹദേവന്‍ (48) ആണ് മരിച്ചത്. ഹൃദയ സ്തംഭനമാണ് മരണ കാരണം. സൗദി-ബഹ്റൈന്‍ കോസ്വേയില്‍ വെച്ച് പദ്മകുമാര്‍ ബോധരഹിതനാവുകയായിരുന്നു.
ഇമ്മിഗ്രേഷന്‍ നടപടികള്‍ക്ക് ശേഷം സൗദി ബോര്‍ഡര്‍ കടന്നതിന് പിന്നാലെയാണ് സംഭവം. സുഹൃത്ത് അടുത്തുള്ള അല്‍ യൂസിഫ് ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സൗദി ജുബൈലിലെ ഒരു കോണ്‍ട്രാക്ടിങ് കമ്പനിയില്‍ ടാങ്ക് ഡിപ്പാര്‍ട്‌മെന്റ് മാനേജര്‍ ആയിരുന്നു പദ്മകുമാര്‍.
അല്‍ യൂസിഫ് ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഔദ്യോഗിക നടപടികള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകും. ഭാര്യ: യമുന, പിതാവ്: വനജാക്ഷി, മാതാവ്: സഹദേവന്‍, മകള്‍: നിസ.
പ്രവാസി വെല്‍ഫെയര്‍ ജുബൈല്‍ ജനസേവന വിഭാഗം കണ്‍വീനര്‍ സലീം ആലപ്പുഴയും കിഴക്കന്‍ പ്രവിശ്യയിലെ പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകന്‍ നാസ് വക്കവും നടപടികള്‍ പൂര്‍ത്തിയാക്കാന്‍ രംഗത്തുണ്ട്.