മനാമ: കാലിന് പരിക്കേറ്റ് കിടപ്പിലായിരുന്ന ബംഗ്ലാദേശി സ്വദേശിയെ മാധ്യമപ്രവര്‍ത്തകന്‍ ഡോ. അന്‍വര്‍ മൊയ്തീന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം നാട്ടിലെത്തിച്ചു. ഗുദൈബിയയില്‍ കാര്‍ വാഷിംഗ് ജോലിക്കിടെ കാലിന് പരിക്കേറ്റ് കിടപ്പിലായിരുന്ന ബച്ചു മിയ സിദ്ധിഖ് ഉല്ലയെ(48) യാണ് നാട്ടിലെത്തിച്ചത്.
പത്തു വര്‍ഷമായി നാട്ടില്‍ പോയിട്ടില്ലാത്ത ഇദ്ദേഹത്തിന് അന്‍വര്‍ മൊയ്ദീന്‍ മാസങ്ങളോളമായി നടത്തിയ സജീവ ഇടപെടലിനൊടുവിലാണ് നാട്ടിലെത്താനായത്. അന്‍വര്‍ മൊയ്ദീന്‍ ഇദ്ദേഹത്തിന്റെ അവസ്ഥ, ദാര്‍ അല്‍ ഷിഫ മെഡിക്കല്‍ ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ കെ.ടി മുഹമ്മദലി, ജനറല്‍ മാനേജര്‍ അഹമ്മദ് ഷമീര്‍ എന്നിവരെ അറിയിക്കുകയും ഹൂറയിലെ ദാര്‍ അല്‍ ഷിഫ മെഡിക്കല്‍ സെന്ററില്‍ കൊണ്ടുപോയി ചികിത്സ നല്‍കുകയും ചെയ്തു.
ബച്ചു മിയക്ക് വേണ്ട എല്ലാ ചികിത്സയും സൗജന്യമായാണ് അവര്‍ നല്‍കിയിരുന്നത്. ഹൂറ ബ്രാഞ്ചിലെ ജനറല്‍ ഫിസിഷ്യന്‍ ഡോ. ചേതന്‍ ഷെട്ടിയും, ഹെഡ് നേഴ്സ് സിസ്റ്റര്‍ ആയിശ ജാബിറുമായിരുന്നു ചികിത്സക്ക് നേതൃത്വം നല്‍കിയിരുന്നത്. നാട്ടില്‍ എത്തിച്ച് തുടര്‍ചികിത്സ നടത്തണമെന്ന് ഡോക്ടര്‍ നിര്‍ദേശം നല്‍കിയിരുന്നു. അപ്പോഴാണ് ഇദ്ദേഹത്തിന് വിസയില്ലെന്ന് മനസിലായത്.
മുമ്പ് ജോലി ചെയ്തിരുന്ന കമ്പനി ബച്ചു മിയക്കെതിരെ റണ്ണവേ കേസ് നല്‍കിയിട്ടുണ്ടായിരുന്നു. അന്‍വര്‍ മൊയ്ദീന്‍ കമ്പനിയുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പിന്നീട് ബംഗ്ലാദേശ് എംബസി ഫസ്റ്റ് സെക്രട്ടറി മുഖേന പേപ്പര്‍ വര്‍ക്ക് പൂര്‍ത്തിയാക്കി ഔട്ട് പാസ്സ് ലഭ്യമാക്കി. എംബസി വിമാന ടിക്കറ്റും നല്‍കി. തുടര്‍ന്ന് ബഹ്റൈനിലെ ഏതാനും സാമൂഹികപ്രവര്‍ത്തകരുടെ സഹായഹസ്തത്താല്‍ ഇദ്ദേഹത്തെ നാട്ടിലെത്തിക്കുകയായിരുന്നു.