മനാമ: ബഹ്‌റൈനിലെ ഹമല ഏരിയയില്‍ യുവാക്കള്‍ തമ്മില്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. ഇതില്‍ ഒരാള്‍ ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച ബഹ്‌റൈന്‍ സ്വദേശിയാണ്.
വാക്കുതര്‍ക്കത്തെ തുടര്‍ന്ന് യുവാക്കളില്‍ ഒരാളെ ഇഷ്ടിക കൊണ്ട് മര്‍ദ്ദിച്ചതോടെയാണ് സംഘര്‍ഷം ഉണ്ടായത്. പരസ്പരമുണ്ടായ വാക്കേറ്റത്തിനിടെ യുവാക്കളിലൊരാള്‍ ബഹ്‌റൈന്‍ സ്വദേശിയെ ഇഷ്ടിക കൊണ്ട് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഇതോടെ യുവാക്കള്‍ തമ്മിലുള്ള വഴക്ക് വലിയ സംഘര്‍ഷത്തിലേക്ക് മാറുകയായിരുന്നു.
ഇഷ്ടിക കൊണ്ടുള്ള അടിയേറ്റ് യുവാവിന്റെ തലയ്ക്കാണ് ഗുരുതരമായ പരിക്കേറ്റത്. അക്രമികള്‍ യുവാക്കളെ പിന്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നു. ശേഷം സംഭവസ്ഥലത്തുനിന്ന് ഇവര്‍ രക്ഷപ്പെടുകയും ചെയ്തു. പ്രതികളെ പിടികൂടുന്നതിനായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.