മനാമ: പാര്‍ലമെന്റില്‍ ബി.ജെ.പി സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ വഖഫ് നിയമം ഭരണഘടന അവകാശത്തിന്‍മേലുള്ള ഫാഷിസ്റ്റ് സര്‍ക്കാരിന്റെ കടന്നുകയറ്റമാണെന്ന് ഐ.വൈ.സി.സി ബഹ്റൈന്‍ ദേശീയ കമ്മിറ്റി അഭിപ്രായപ്പെട്ടു. മതേതര ജനതയെ മതത്തിന്റെയും ജാതിയുടെയുമൊക്കെ പേര് നല്‍കി ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷ് തന്ത്രമാണ് 2014 മുതല്‍ രാജ്യം ഭരിക്കുന്ന സര്‍ക്കാര്‍ അനുവര്‍ത്തിച്ചു പോയിട്ടുള്ളത്.
ഭിന്നിപ്പിലൂടെ വോട്ട് നേടുക എന്ന ഉദ്ദേശത്തോടെ മാത്രമാണ് ഇത്തരം ഭരണഘടന അവകാശങ്ങള്‍ ഹനിച്ചു കൊണ്ടുള്ള ഫാഷിസ്റ്റ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ നാളിത് വരെ തുടര്‍ന്ന് പോവുന്നത്. ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തിപ്പിടിച്ചു കോണ്‍ഗ്രസ് പാര്‍ട്ടി, ബി.ജെ.പി ഫാഷിസ്റ്റ് സര്‍ക്കാരിനെതിരെ നടത്തുന്ന എല്ലാ ജനാധിപത്യ, മതേതര ചേരിക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കും ഐ.വൈ.സി.സി ബഹ്റൈന്‍ പിന്തുണ വാഗ്ദാനം ചെയ്യുന്നു.
ഈ നിയമം ഇന്നൊരു വിഭാഗത്തിനു നേരെയാണെങ്കില്‍ നാളെ മറ്റുള്ളവര്‍ക്ക് നേരെയാവും. ഭിന്നിപ്പിച്ചു അധികാരം നിലനിര്‍ത്തുക എന്ന ഉദ്ദേശത്തില്‍ മാത്രം ചെയുന്ന ഇത്തരം ഫാഷിസ്റ്റ് രീതികള്‍ നാടിന്റെ നന്മക്ക് ഒരു തരത്തിലും നല്ലതല്ല. ഇത്തരം വിഷയങ്ങള്‍ മതേതര സമൂഹം തിരിച്ചറിയണമെന്നും ഭരണഘടന ഉയര്‍ത്തിപ്പിടിച്ചു ജനാധിപത്യത്തെ ഉപയോഗപ്പെടുത്തി, നിയമപരമായി നേരിടണമെന്നും ഐ.വൈ.സി.സി ബഹ്റൈന്‍ ദേശീയ പ്രസിഡന്റ് ഷിബിന്‍ തോമസ്, ജനറല്‍ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രെഷറര്‍ ബെന്‍സി ഗനിയുഡ് എന്നിവര്‍ പത്രക്കുറിപ്പില്‍ ആവശ്യപ്പെട്ടു.