മനാമ: പൊതുജന സുരക്ഷ വര്‍ധിപ്പിക്കുന്നതിനുള്ള കാംപയിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ ഡിസംബര്‍ വരെ 2203 അനധികൃത തെരുവ് സ്റ്റാളുകളും വണ്ടികളും 268 അനധികൃത ചരക്കുകളും കണ്ടുകെട്ടിയതായി തലസ്ഥാന മുനിസിപ്പാലിറ്റി അറിയിച്ചു.
2019ലെ പൊതു റോഡ് ഒക്യുപന്‍സി നിയമപ്രകാരം ആഭ്യന്തര മന്ത്രാലയവുമായി ഏകോപിപ്പിച്ചാണ് പരിശോധന നടത്തുന്നത്. കച്ചവടക്കാര്‍ ഔദ്യോഗിക, നിയമപരമായ, ലൈസന്‍സുള്ള മാര്‍ഗങ്ങളിലൂടെ മാത്രം വാണിജ്യ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും നിയന്ത്രണങ്ങള്‍ പാലിക്കണമെന്നും മുനിസിപ്പാലിറ്റി അറിയിച്ചു.
അനധികൃത കച്ചവടങ്ങള്‍ മൂലമുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍, ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള ഭക്ഷണ വിതരണം, ഗതാഗതക്കുരുക്ക്, കാല്‍നടക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കല്‍ തുടങ്ങിയ പ്രശ്നങ്ങളെത്തുടര്‍ന്നാണ് മുനിസിപ്പാലിറ്റി പരിശോധന ശക്തമാക്കിയത്. അതേസമയം, മനാമയിലുടനീളം ഈ വര്‍ഷം ജനുവരിയില്‍ ഏകദേശം 152 സ്റ്റാളുകളും 47 വണ്ടികളും കണ്ടുകെട്ടിയിട്ടുണ്ട്.