റിയാദ് – കോഴിക്കോട് സൗദി എയര്‍ലൈന്‍സിൽ അമ്പതോളം യാത്രക്കാരെ കയറ്റിയില്ല

റിയാദ്: റിയാദില്‍ നിന്ന് കോഴിക്കോടേക്കുള്ള സൗദി എയര്‍ലൈന്‍സിൽ ടിക്കറ്റ് ബുക്ക് ചെയ്ത അന്‍പതോളം യാത്രക്കാരെ കയറ്റിയില്ല. ഞായറാഴ്ച പുലര്‍ച്ചെ 5.40ന് റിയാദിൽ നിന്ന് പുറപ്പെടുന്ന വിമാനത്തിലെ യാത്രക്കാരാണ് യാത്ര ചെയ്യാൻ സാധിക്കാതെ ബുദ്ധിമുട്ടിലായത്.

ലഗേജ് ചെക്ക് ഇന്‍ ചെയ്യാന്‍ വരിയില്‍ നില്‍ക്കുമ്പാഴാണ് പോകാനാവില്ലെന്ന വിവരം അധികൃതര്‍ അറിയിച്ചത്. ജിദ്ദയില്‍ നിന്നുള്ള ഉംറ തീര്‍ത്ഥാടകർ കൂടുതൽ ആയതിനെത്തുടർന്നാണ് അന്‍പതോളം യാത്രക്കാർക്ക് കോഴിക്കോട്ടേക്ക് യാത്ര ചെയ്യാൻ സാധിക്കാതെ വന്നത്. പെരുന്നാളിന് മുമ്പ് നാട്ടിലെത്താന്‍ വലിയ തുക കൊടുത്ത് ടിക്കറ്റെടുത്തവര്‍ ഇതോടെ പ്രതിസന്ധിയിലായി. നാലാം തീയതി ഇതേസമയത്ത് പുറപ്പെടുന്ന വിമാനത്തിൽ ഇവര്‍ക്ക് യാത്ര ചെയ്യാമെന്നാണ് അധികൃതർ അറിയിച്ചത്.