‘ആത്മവിചാരത്തിന്റെ ഈദുൽ ഫിത്ർ’; ബഷീർ വാണിയക്കാട് എഴുതുന്നു

പരിശുദ്ധ റമദാൻ മാസത്തെ സസന്തോഷം സ്വാഗതം ചെയ്ത് സമുചിതം സൽക്കരിച്ച് യാത്രയാക്കിയതിന്റെ ആഘോഷമാണ് ഈദുൽ ഫിത്ർ. ശവ്വാലിന്റെ പൊന്നമ്പിളി മാനത്ത് ഉദിച്ചുയർന്നാൽ അന്ന് വിശ്വാസികൾക്കു് ആനന്ദത്തിന്റെ സന്തോഷ പെരുന്നാൾ.

കടുത്ത ശാരീരിക ആത്മീയ പരീക്ഷണത്തിലൂടെ വിശ്വാസി നേടിയെടുത്ത ഭക്തി ചൈതന്യത്തിന്റെയും നിർമല ഭാവങ്ങളുടെയും മൂർത്ത മാതൃകയായിട്ടാണ് ഈ ആഘോഷം അനുവദനീയമായിട്ടുള്ളത്. വിവിധ മതാഘോഷങ്ങൾ സാങ്കൽപികമോ യാഥാർത്ഥ്യമോ ആയ വ്യക്തികളുമായി ബന്ധപ്പെട്ടതാണെങ്കിൽ ഇസ്ലാമിലെ ആഘോഷങ്ങൾ ആദർശത്തിന്റെയും ചരിത്ര സ്മരണയുടെയും സ്വഭാവ ചര്യയുടെയും അടിസ്ഥാനത്തിലാണ്‌.

സൃഷ്ടാവിനോടുള്ള അടിമത്തം, സമർപ്പണം, സ്വാർത്ഥങ്ങൾ ത്യജിക്കാനുള്ള സന്നദ്ധത, സഹജീവികളോടുള്ള കാരുണ്യം തുടങ്ങിയ മൂല്യങ്ങൾ സൃഷ്ടികളിൽ വളർത്തിയെടുക്കാനുതകുന്ന പരിശീലനങ്ങളാണ് “വ്രത”ത്തിലൂടെയും “ഹജ്ജി”ലൂടെയും അല്ലാഹു ലക്ഷ്യമിടുന്നത്. അവയുമായി ബന്ധപ്പെട്ട ആഘോഷങ്ങളുടെ ലക്ഷ്യവും മറ്റൊന്നല്ല.

ചക്രവാളത്തിൽ പ്രത്യക്ഷപ്പെടുന്ന പെരുന്നാൾ പിറയെ വിശ്വാസികൾ വരവേൽക്കുന്നത് “അല്ലാഹു അക്ബർ വലില്ലാഹിൽ ഹംദ് ” (“അല്ലാഹു”വാണ് അത്യുന്നതൻ, സർവ സ്തുതിയും “അല്ലാഹു” വിനാകുന്നു.) എന്ന സ്തുതി കീർത്തനത്തോടെയാണ്. ഈദുൽ ഫിത്ർ നമസ്കാരത്തിന് മുൻപ് ചെയ്യേണ്ട ഒരു പുണ്യകർമമാണ് ഫിത്ർ സക്കാത്ത് വിതരണം. പെരുന്നാൾ ദിവസം ഒരാളുടെ അന്നത്തിന് കഴിച്ച് വല്ലതും മിച്ചമുണ്ടെങ്കിൽ അന്ന് ജനിച്ച കുഞ്ഞിനുൾപ്പെടെ വിശ്വാസിക്ക് ഫിത്ർ സക്കാത്ത് നിർബന്ധ ബാദ്ധ്യതയാണ്. പെരുന്നാൾ ദിവസം ഒരാളും പട്ടിണി കിടക്കരുതെന്ന ഒരു വലിയ ലക്ഷ്യ സാക്ഷാത്കാരമാണത്.

പ്രഭാതത്തിൽ സ്ത്രീ പുരുഷ ഭേദമന്യേ ആബാലവൃദ്ധം ജനങ്ങൾ കുളിച്ച് പുതുവസ്ത്രങ്ങൾ ധരിച്ച് സുഗന്ധ ലേപനങ്ങൾ പൂശി പ്രത്യേകം തയ്യാറാക്കിയ ഈദ് ഗാഹുകളിലെത്തുന്നു. അവിടെ കൂട്ടമായി പ്രപഞ്ച സൃഷ്ടാവിനെ വാഴ്ത്തുകയും,നമസ്കരിക്കുകയും പെരുന്നാൾ പ്രഭാഷണം ശ്രവിക്കുകയും, മാനവരാശിയുടെയും രാജ്യത്തിന്റെയും വിശ്വാസികളുടെയും മർദ്ദിതരുടെയും സമാധാനത്തിനും ക്ഷേമത്തിനും നന്മക്കും വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്നു. തുടർന്ന് പരസ്പരം ആശ്ലേഷിച്ച് സൗഹൃദങ്ങളും, വീടുകൾ സന്ദർശിച്ച് കുടുംബ ബന്ധങ്ങളും, സുഹൃത്തുക്കളെ സന്ദർശിച്ച് സുഹൃദ് ബന്ധങ്ങളും പുതുക്കലാണ് ഈദ് ദിനത്തിൽ പ്രവാചകൻ കാണിച്ച് തന്ന മാതൃക. ഒരു വഴിയിലൂടെ പള്ളിയിലേക്ക് പോകുകയും മറ്റൊരു വഴിയിലൂടെ തിരിച്ച് വരികയും ചെയ്യുക എന്ന് പഠിപ്പിച്ചതിലൂടെ ലക്ഷ്യം വെച്ചതും അത് തന്നെയാണ്.

വിഭവസമൃദ്ധമായ ഭക്ഷണവും, പരിധി ലംഘിക്കാത്ത കലാകായിക വിനോദങ്ങളും, കുടുംബങ്ങളോടൊത്തുള്ള വിനോദയാത്രകളുമൊക്കെ പെരുന്നാളാഘോഷത്തിന് മൊഞ്ച് കൂട്ടുന്നു.വർത്തമാനകാലത്തെ ആഘോഷങ്ങൾ മിക്കവാറും സദാചാര രാഹിത്യത്തിലധിഷ്ഠിത മാണ്. മദ്യവും മദിരാക്ഷിയുമി ല്ലെങ്കിൽ പിന്നെന്ത് ആഘോഷമെന്നാണ് ന്യൂ ജൻ തലമുറയുടെ ചിന്ത തന്നെ. മദ്യവിൽപനയുടെ കണക്കെടുപ്പിലാണ് വർത്തമാന കേരളം ആഘോഷങ്ങളുടെ മോടി വിലയിരുത്തുന്നത്. എന്നാൽ മുസ്ലിമിനെ സംബന്ധിച്ചിടത്തോളം ആഘോഷങ്ങൾ ദൈവാരാധനയുടെ ഭാഗമാണ്. അത് കൊണ്ടു് തന്നെ വിശ്വാസിയുടെ ഈദ് സന്തോഷങ്ങൾ പരിധി വിടാവതല്ല. ആ നിലക്ക് ഇസ്ലാമിന്റെ ആഘോഷങ്ങൾ സമൂഹത്തിൽ വേറിട്ട് നിൽക്കുന്നു.

അല്ലാഹു അക്ബർ, അല്ലാഹു അക്ബർ, വലില്ലാഹിൽ ഹംദ്.