ബഹ്റൈന്‍ പ്രവാസിയും മകളും നാട്ടില്‍ വാഹനാപകടത്തില്‍ മരണപ്പെട്ടു

>>വേദനയോടെ സമസ്ത മനാമ മദ്റസാ ഭാരവാഹികള്‍

മനാമ: ബഹ്റൈന്‍ പ്രവാസിയും മകളും നാട്ടില്‍ വാഹനാപകടത്തില്‍ മരണപ്പെട്ടു. കൊല്ലം ജില്ലയിലെ കുന്നിക്കോട് സ്വദേശി ഖമറുദ്ധീന്‍(62), മകള്‍ ഫസീല (22) എന്നിവരാണ് രണ്ടു ദിവസം മുന്പുണ്ടായ അപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരിക്കെ മരണപ്പെട്ടത്.

രണ്ടു ദിവസം മുന്പ് ഖമറുദ്ധീനും ഭാര്യയും മകളും മരുമകനും ഒരുമിച്ച് എറണാംകുളത്തേക്ക് യാത്ര ചെയ്യുന്നതിനിടെ കൊല്ലം പട്ടണക്കാട് വെച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിര്‍ത്തിയിട്ടിരുന്ന ഒരു ട്രൈയ്ലറിലിടിച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ നാലുപേര്‍ക്കും സാരമായി പരിക്കേറ്റിരുന്നു. ഇതേ തുടര്‍ന്ന് എറണാംകുളം മെഡിക്കല്‍ ട്രെസ്റ്റ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇവിടെ വെച്ചാണ് ഖമറുദ്ധീനും മകളും മരണപ്പെട്ടത്. ഭാര്യയും മരുമകനും ഇപ്പോള്‍ കൊല്ലം കെ.വി.എം ഹോസ്പിറ്റലില്‍ ചികിത്സയിലാണ്.

മരണപ്പെട്ട ഖമറുദ്ധീന്‍ മനാമയിലെ സമസ്ത മദ്റസയുമായി ബന്ധപ്പെട്ട സേവന പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിയിയാരുന്നതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. മദ്റസയുടെ ശുചീകരണ പ്രവര്‍ത്തനങ്ങളെല്ലാം സ്വയം ഏറ്റെടുത്തു ചെയ്തു വന്നിരുന്ന അദ്ധേഹത്തിന്‍റെ ആകസ്മിക വേര്‍പാടിന്‍റെ വേദനയിലാണ് മനാമയിലെ സമസ്ത മദ്റസാ ഭാരവാഹികളും അദ്ധ്യാപകരും. മരണവിവരം അറിഞ്ഞയുടന്‍ മദ്റസാ വിദ്യാര്‍ത്ഥികളെ സംഘടിപ്പിച്ച് മനാമ മദ്റസയില്‍ പ്രത്യേക പ്രാര്‍ത്ഥന സംഘടിപ്പിച്ചിരുന്നു. ഇരുവര്‍ക്കും വേണ്ടിയുള്ള മയ്യിത്ത് നിസ്കാരവും പ്രാര്‍ത്ഥനയും അടുത്ത വാരാന്ത്യ സ്വലാത്ത് മജ്ലിസില്‍ നടക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.