മനാമ: ഖലീഫ ബിന്‍ സല്മാന് ബാസ്കറ്റ്ബോള്‍ കപ്പ് ഫൈനലില്‍ കിരീടം സ്വന്തമാക്കി മുഹറഖ് ക്ലബ്ബ്. മനാമയെ 89-86 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് മുഹറഖ് കിരീടം നേടിയത്. ഇന്നലെ വൈകീട്ട് ഏഴ് മണിക്ക് ഖലീഫ സ്പോര്‍ട്സ് സിറ്റിയിലായിരുന്നു മത്സരം.
ഹാഫ് ടൈമില്‍ ഏഴ് പോയിന്റുകള്‍ക്ക് (4148) പിന്നിലായിരുന്ന മുഹറഖ്, രണ്ടാം പകുതിയില്‍ വന്‍ തിരിച്ചുവരവ് നടത്തുകയായിരുന്നു. മൈറോണ്‍ ഗോര്‍ഡന്‍ 30 പോയിന്റുമായി കളിയിലെ താരമായി. മുഹമ്മദ് നാസര്‍ (13 പോയിന്റ്), മുഹമ്മദ് അമീര്‍ (12), ടോണി മിച്ചല്‍ (11), അലി ഹുസൈന് അലി എന്നിവരും മികച്ച സ്കോര്‍ നേടി.
മുഹറഖ് ക്ലബ്ബിന് ബഹ്റൈന്‍ ഒളിമ്പിക് കമ്മിറ്റി (ബിഒസി) വൈസ് പ്രസിഡന്റും 2025 ഫിബ കോണ്‍ഗ്രസിന്റെയും ഹാള്‍ ഓഫ് ഫെയിം ചടങ്ങിന്റെയും സംഘാടക സമിതി ചെയര്‍മാനുമായ ശൈഖ് ഈസ ബിന്‍ അലി അല്‍ ഖലീഫ ട്രോഫി സമ്മാനിച്ചു. മുഹറഖ് ക്ലബിനെയും കളിക്കാരെയും സീസണിനായി ടീമിനെ സജ്ജമാക്കിയ മാനേജ്മെന്റ്, ടെക്നിക്കല്‍, അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫിനെയും അദ്ദേഹം അഭിനന്ദിച്ചു. മനാമ ക്ലബ്ബിന്റെ ശക്തമായ പ്രകടനത്തെയും അദ്ദേഹം പ്രശംസിച്ചു.