മനാമ: ബഹ്‌റൈനിൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലം പഠനം പ്രതിസന്ധിയിലായ പ്രവാസി വിദ്യാർത്ഥികളെ സഹായിക്കുന്നതിനായി “നമ്മുടെ മക്കളും പഠിപ്പ് തുടരട്ടെ, ഒരു ചെറിയ കൈത്താങ്ങ്” എന്ന പേരിൽ സ്റ്റുഡന്റ്‌സ് ഗൈഡൻസ് ഫോറം (SGF) പുതിയ ജീവകാരുണ്യ പദ്ധതിക്ക് തുടക്കം കുറിക്കുന്നു. ബഹ്‌റൈനിലെ പ്രവാസി പ്രമുഖരുടെയും സാമൂഹിക സാംസ്‌കാരിക പ്രസ്ഥാനങ്ങളുടെയും സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
ട്യൂഷൻ ഫീസ് കുടിശ്ശികയുള്ളതിന്റെ പേരിൽ ഒരു കുട്ടിയും അവരുടെ രക്ഷിതാക്കളും മാനസിക പിരിമുറുക്കം അനുഭവിക്കേണ്ടി വരരുത് എന്ന ലക്ഷ്യത്തോടെയാണ് കൂട്ടായ്മ പ്രവർത്തിക്കുന്നത്. ആദ്യഘട്ടമെന്ന നിലയിൽ ഇന്ത്യൻ സമൂഹത്തിന്റെ പ്രധാന വിദ്യാഭ്യാസ സ്ഥാപനമായ ബഹ്‌റൈൻ ഇന്ത്യൻ സ്കൂളിലെ എൽ.കെ.ജി (LKG) മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള, ഏറ്റവും അർഹരായ 75 വിദ്യാർത്ഥികളുടെ ഒരു മാസത്തെ ട്യൂഷൻ ഫീസ് നൽകാനുള്ള ക്രമീകരണങ്ങൾ സ്റ്റുഡന്റ്‌സ് ഗൈഡൻസ് ഫോറം പൂർത്തിയാക്കിക്കഴിഞ്ഞു. ഇതിനായുള്ള ഔദ്യോഗിക കത്ത് ഉടൻ തന്നെ സ്കൂൾ ഭരണസമിതിക്ക് കൈമാറും. തുടർന്ന്, അർഹരായ രക്ഷിതാക്കളെ നേരിൽ കണ്ട് പ്രയാസങ്ങൾ വിലയിരുത്തിയ ശേഷം കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ഫീസ് സ്കൂളിലേക്ക് നേരിട്ട് അടയ്ക്കുക.
സ്കൂളുകളുടെ സുഗമമായ പ്രവർത്തനവും അധ്യാപകരുടെ ശമ്പളവും മുടങ്ങാതെ മുന്നോട്ട് കൊണ്ടുപോകേണ്ടത് പ്രവാസി സമൂഹത്തിന്റെ കടമയാണെന്ന ബോധ്യത്തോടെയാണ് ഫോറം ഈ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ സഹായ സഹകരണങ്ങൾ ലഭ്യമാകുന്നതിനനുസരിച്ച് ബഹ്‌റൈനിലെ മറ്റ് ഇന്ത്യൻ സ്വകാര്യ വിദ്യാലയങ്ങളിൽ നിന്നുള്ള സഹായ അഭ്യർത്ഥനകളും പരിഗണിക്കുമെന്ന് ഭാരവാഹികൾ വാർത്താക്കുറിപ്പിൽ അറിയിച്ചു. പ്രവാസി കുട്ടികളുടെ വിദ്യാഭ്യാസം തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകാൻ ലക്ഷ്യമിട്ടുള്ള ഈ കാരുണ്യപ്രവൃത്തിയിൽ പങ്കാളികളാകാൻ മഹാമനസ്‌കരായ എല്ലാ വ്യക്തികളെയും ഫോറം സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.









