മനാമ: ബഹ്റൈന്‍ ഒരു പ്രാദേശിക സംഘര്‍ഷത്തിന്റെയും ഭാഗമല്ലെന്നും രാജ്യം ആരെയും അസ്വസ്ഥതയിലേക്ക് വലിച്ചിഴയ്ക്കാന്‍ അനുവദിക്കില്ലെന്നും ആഭ്യന്തര മന്ത്രി ജനറല്‍ ഷെയ്ഖ് റാഷിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ. ‘നമുക്ക് ചുറ്റും നടക്കുന്ന യുദ്ധത്തില്‍ ബഹ്റൈന്‍ ഉള്‍പ്പെടുന്നില്ല. നമ്മുടെ രാജ്യത്തെ ഈ സംഘര്‍ഷങ്ങളിലേക്ക് വലിച്ചിഴയ്ക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല,’ ബുധനാഴ്ച നടന്ന ഉന്നതതല യോഗത്തില്‍ അദ്ദേഹം പറഞ്ഞു.
‘നമ്മള്‍ കെട്ടിപ്പടുത്തത് സംരക്ഷിക്കാം, നമ്മുടെ സമാധാനം, സ്ഥിരത, ഐക്യം.’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അനാവശ്യമായ പരിഭ്രാന്തി സൃഷ്ടിക്കുന്ന കിംവദന്തികളിലും തെറ്റായ വിവരങ്ങളിലും വീഴരുതെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി. ‘നമ്മള്‍ ഒരുമിച്ച് നില്‍ക്കണം, സാമൂഹിക സമാധാനം തകര്‍ക്കാന്‍ അനുവദിക്കരുത്.’, മന്ത്രി പറഞ്ഞു.
ഷൂറ കൗണ്‍സില്‍, പ്രതിനിധി കൗണ്‍സില്‍ അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രധാന സര്‍ക്കാര്‍ നേതാക്കളും മന്ത്രിമാരും സുരക്ഷാ ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. എന്ത് വെല്ലുവിളികള്‍ ഉണ്ടായാലും ജനങ്ങളെ സംരക്ഷിക്കുന്നതിനും ദേശീയ സുരക്ഷ നിലനിര്‍ത്തുന്നതിനും അതിന്റെ സ്ഥിരത നിലനിര്‍ത്തുന്നതിനും ബഹ്റൈന്‍ പ്രതിജ്ഞാബദ്ധമാണെന്ന് യോഗം ഉറപ്പിച്ചു പറഞ്ഞു.