മനാമ: ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ദേശീയ വിമാനക്കമ്പനിയായ ഗള്‍ഫ് എയര്‍ ചില വിമാനങ്ങളുടെ റദ്ദാക്കല്‍ ജൂണ്‍ 27 വരെ നീട്ടി. ജോര്‍ദാന്‍ ഹാഷെമൈറ്റിലെ അമ്മാന്‍, ഇറാഖ് റിപ്പബ്ലിക്കിലെ ബാഗ്ദാദ്, നജാഫ് എന്നീ നഗരങ്ങളിലേക്ക് പുറപ്പെടുന്നതും അവിടെ നിന്ന് വരുന്നതുമായ വിമാനങ്ങളുടെ സര്‍വീസ് റദ്ദാക്കലാണ് നീട്ടിയത്.
ജൂണ്‍ 14 മുതല്‍ 16 വരെയാണ് സര്‍വീസുകള്‍ റദ്ദാക്കിയിരുന്നത്. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നത് തുടരുമെന്നും യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയാണ് തങ്ങളുടെ മുന്‍ഗണനയെന്നും ഗള്‍ഫ് എയര്‍ അറിയിച്ചു.
ഈ വിമാന റദ്ദാക്കലുകള്‍ ബാധിച്ച യാത്രക്കാരെ താമസിപ്പിക്കുന്നതിനും വഴിതിരിച്ചുവിടുന്നതിനും സഹായിക്കുന്നതിന് പങ്കാളികളുമായി സഹകരിക്കും. ഗള്‍ഫ് എയര്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്‌തോ ഗള്‍ഫ് എയറിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിച്ചോ യാത്രക്കാര്‍ക്ക് വിമാന സമയത്തെക്കുറിച്ച് അപ്‌ഡേറ്റ് അറിയാനാകും.