ഈദ് അവധി ദിനങ്ങളില്‍ കിംഗ് ഫഹദ് കോസ്വേ വഴി കടന്നുപോയ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്

മനാമ: ഈദ് അവധി ദിനങ്ങളില്‍ ബഹ്‌റൈനില്‍ നിന്നും സൗദിയിലേക്കും തിരിച്ചും കിംഗ് ഫഹദ് കോസ്വേ വഴി കടന്നുപോയ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടായതായി കോസ്വേ അതോറിറ്റി വ്യക്തമാക്കി. ഈദ് അവധിയുടെ രണ്ടാം ദിവസം 77,813 യാത്രക്കാരാണ് കോസ്വേ വഴി യാത്ര ചെയ്തത്. മൂന്നാംദിനം 1,09,657 യാത്രക്കാരും നാലാംദിനം 1,21,167 യാത്രക്കാരും കോസ്വേയിലൂടെ കടന്നു പോയതായി കോസ്വേ അതോറിറ്റി അറിയിച്ചു.

രണ്ടും മൂന്നും ദിനങ്ങളില്‍ തിരക്കുള്ള സമയങ്ങളില്‍ ബഹ്റൈനിലേക്ക് 28 മിനിട്ടും സൗദിയിലേക്ക് 18 മിനിട്ടുമാണ് പരമാവധി ട്രാന്‍സിറ്റ് സമയം. നാലാംദിനം പരമാവധി ട്രാന്‍സിറ്റ് സമയം ബഹ്‌റൈനിലേക്ക് 25 മിനിട്ടും സൗദി അറേബ്യയിലേക്ക് 39 മിനിട്ടും ആയിരുന്നു. ഒരു ദിവസം ശരാശരി 30,813 യാത്രക്കാരാണ് ഈദ് ദിനങ്ങളില്‍ കോസ്വേയിലൂടെ യാത്ര ചെയ്തത്. യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വര്‍ധനവ് കണക്കിലെടുത്ത് 12 അധിക പാതകള്‍ കൂടി തുറന്നു കൊടുത്തു.