ലോകകപ്പിൽ ഇന്ത്യക്ക് 36 റൺസിന്റെ തകർപ്പൻ വിജയം

ഓവല്‍: ലോകകപ്പിൽ തുടര്‍ച്ചയായ രണ്ടാം വിജയം കരസ്ഥമാക്കി ഇന്ത്യ. കോലിയും സംഘവും ഓസ്ട്രേലിയയെ 36 റണ്‍സിന് തോല്‍പ്പിച്ചു. ഇന്ത്യയുടെ 352 റണ്‍സ് പിന്തുടര്‍ന്ന ഓസ്‌ട്രേലിയ അവസാന പന്തില്‍ 316ന് ഓള്‍ഔട്ടായി. ഓപ്പണിങ് വിക്കറ്റില്‍ തന്നെ 61 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി ഓസീസിന്റെ തുടക്കം ഗംഭീരമായിരുന്നു. ഡേവിഡ് വാര്‍ണറും ആരോണ്‍ ഫിഞ്ചും ചേര്‍ന്ന് അടിത്തറ പാകുന്നതിനിടയില്‍ റണ്‍ഔട്ടിന്റെ രൂപത്തില്‍ നിര്‍ഭാഗ്യം വന്നു. കേദര്‍ ജാദവും ഹാര്‍ദിക് പാണ്ഡ്യയും ചേര്‍ന്ന് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിനെ റണ്‍ഔട്ടാക്കി. മൂന്നു ഫോറും ഒരു സിക്സും സഹിതം 35 പന്തില്‍ 36 റണ്‍സാണ് ഫിഞ്ച് നേടിയത്.

ചാഹലിന്‍റെ തൊട്ടടുത്ത ഓവറിലെ നാലാം പന്തില്‍ മാക്‌സ്‌വെല്‍(28) ജഡേജയുടെ പറക്കും ക്യാച്ചില്‍ വീണു. കഴിഞ്ഞ മത്സരത്തിലെ വീരന്‍ കോള്‍ട്ടര്‍ നൈല്‍ നേടിയത് നാല് റണ്‍സ്. ഓസീസിന് ജയിക്കാന്‍ 24 പന്തില്‍ 62 റണ്‍സ് വേണമെന്നായി. ഇതിനിടെ കമ്മിന്‍സും(8) സ്റ്റാര്‍ക്കും(3) പുറത്തായി. 50-ാം ഓവറിലെ അവസാന പന്തില്‍ സാംപ(1) പുറത്തായപ്പോള്‍ ക്യാരി(35 പന്തില്‍5 5) പുറത്താകാതെ നിന്നു. ടോസ് നേടി ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ അഞ്ച് വിക്കറ്റിനാണ് 352 റണ്‍സെടുത്തത്. ബാറ്റെടുത്തവരെല്ലാം തിളങ്ങിയപ്പോള്‍ ധവാന്‍(117) കോലി(82), രോഹിത്(57), പാണ്ഡ്യ(48), ധോണി(27) എന്നിങ്ങനെയായിരുന്നു സ്‌കോര്‍. ഓവലില്‍ കരുതലോടെ ഓപ്പണര്‍മാര്‍ തുടങ്ങി. രോഹിതിനെ വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരിയുടെ കൈകളിലെത്തിച്ച് കോള്‍ട്ടര്‍ നൈലാണ് 127 റണ്‍സ് കൂട്ടുകെട്ട് പൊളിച്ചത്.

എം.എസ് ധോനി അവസാന ഓവറുകളിൽ കൂറ്റനടികൾക്ക് ശ്രമിച്ചു. മൂന്നു ഫോറും ഒരു സിക്സും കണ്ടെത്തി. 49-ാം ഓവറിലെ ആദ്യ പന്തിൽ പുറത്തായി. 14 പന്തിൽ 27 റൺസായിരുന്നു സമ്പാദ്യം. അവസാന ഓവറിലെ അഞ്ചാം പന്തിൽ കോലിയും ക്രീസ് വിട്ടു. അപ്പോഴേക്കും 77 പന്തിൽ നാല് ഫോറും രണ്ട് സിക്സും സഹിതം ഇന്ത്യൻ ക്യാപ്റ്റൻ 82 റൺസ് അടിച്ചിരുന്നു. ധോനി പുറത്തായപ്പോൾ ക്രീസിലെത്തിയ കെ.എൽ രാഹുൽ നേരിട്ട ആദ്യ പന്ത് തന്നെ സിക്സിലേക്ക് പറത്തി. ഇന്ത്യയുടെ ഇന്നിങ്സിലെ അവസാന പന്തും നേരിട്ടത് രാഹുലാണ്. അതും ഗാലറിയിലെത്തിയതോടെ ഓസീസിന് മുന്നിൽ ലക്ഷ്യം 353 റൺസ് ആയി. മൂന്നു പന്തിൽ 11 റൺസാണ് രാഹുൽ നേടിയത്. കേദർ ജാദവ് പുറത്താകാതെ നിന്നു. ഇതിനിടെ ഓസ്ട്രേലിയക്കെതിരേ ഏകദിനത്തിൽ 2000 റൺസ് പൂർത്തിയാക്കുന്ന നാലാമത്തെ താരമെന്ന റെക്കോഡ് രോഹിത് ശർമ്മ സ്വന്തമാക്കി