കുവൈത്തിൽ നിന്ന് പതിനായിരം വിദേശികളെ നാടുകടത്തി

കുവൈത്ത്: കുവൈത്തിൽ നിന്ന് പതിനായിരം വിദേശികളെയാണ് ഇനി തിരിച്ചുവരാനാകാത്ത വിധം വിരലടയാളം രേഖപ്പെടുത്തി നാടുകടത്തിയത്. തൊഴിൽനിയമവും താമസനിയമവും ലംഘിച്ചതിനാണ് കൂടുതൽ ആളുകളെ സ്വന്തം നാടുകളിലേക്ക് തിരിച്ചയച്ചത്. റമദാൻ കാലയളവിൽ നടത്തിയ പരിശോധനയിൽ പിടിയിലായവരെ കൂടി ഉടൻ നാടുകടത്തുമെന്ന് അധികൃതർ വ്യക്തമാക്കി.

കുവൈത്തില്‍ യാചനയും അനധികൃത താമസവും വർധിച്ചതിനെ തുടര്‍ന്നാണ് അധികൃതർ പരിശോധന ശക്തമാക്കിയത്. ആഭ്യന്തര മന്ത്രാലയത്തിന്‍റെ ശക്തമായ താക്കീതുണ്ടായിട്ടും നിയമ ലംഘനം ഉണ്ടായതിനെത്തുടർന്നാണ് വിദേശികളെ നാടുകടത്തിയത്. റമദാനില്‍ നടത്തിയ പരിശോധനയില്‍ 370 പേരെ പിടിച്ചിരുന്നു. ഇതില്‍ 270 പേര്‍ അനധികൃത താമസത്തിന്‍റെ പേരിലും ബാക്കിയുള്ളവർ യാചനകുറ്റത്തിനുമാണ് പിടിയിലായത്. ഒരാഴ്ചക്കകം എല്ലാവരെയും നാടുകടത്തുമെന്ന് അധികൃതർ വ്യക്തമാക്കി. താമസ നിയമലംഘകരിൽ ഭൂരിഭാഗവും ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക, ഫിലിപ്പീൻ എന്നിവിടങ്ങളിൽനിന്നുള്ളവരാണ്. യാചകരിൽ അധികവും അറബ് വംശജരാണ്.