പ്രൗഡോജ്ജല തയ്യാറെടുപ്പുകളും ആയി ‘അമ്മ’ അരങ്ങിൽ എത്തുന്നു

മനാമ: ബഹ്‌റൈൻ പ്രതിഭയുടെ പതിനാലാമതു നാടകം ആയ ‘അമ്മ അതി വിപുലം ആയ തയ്യാറെടുപ്പുകളോടെ വെള്ളിയാഴ്ച വൈകിട്ട് 7 .30 നു അരങ്ങിൽ എത്തുന്നു. ബഹ്‌റൈൻ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ ആണ് നാടകം അവതരിപ്പിക്കപെടുന്നത്. പ്രശസ്ത നാടക പ്രവർത്തകൻ സാം കുട്ടി പട്ടങ്കരി നാടകാവിഷ്കാരം നിർവഹിച്ചു പി എൻ മോഹൻരാജ് സംവിധാനം ചെയ്യുന്ന നാടകത്തിൽ ബഹ്‌റൈൻ പ്രതിഭയുടെ നൂറോളം കലാകാരന്മാർ ആണ് അണിനിരക്കുന്നത്. കേരളത്തിൽ ഒട്ടേറെ പ്രൊഫഷണൽ നാടകങ്ങളിൽ പ്രമുഖ വേഷങ്ങൾ അവതരിപ്പിച്ച ശ്രീമതി സാവിത്രി ആണ് അമ്മയായി അരങ്ങിൽ എത്തുന്നത്. ശിവകുമാർ കുളത്തൂപ്പുഴ ആണ് വിപ്ലവകാരി ആയ പാവേൽ ആയി അഭിനയിക്കുന്നത് .

ചൂഷണത്തിനെതിരെ ആഞ്ഞടിക്കുന്ന തൊഴിലാളി വര്‍ഗ്ഗത്തിന്റെ കഥ പറയുന്ന നോവൽ ആണ് ‘അമ്മ’ റഷ്യയിലെ തൊഴിലാളി വര്‍ഗം സോഷ്യലിസ്റ്റ് ആശയങ്ങളാല്‍ പ്രചോദിതമായി ഉണര്‍ന്നെഴുന്നേല്‍ക്കുന്ന ചരിത്രം ആണ് ഇതിലെ ഇതിവൃത്തം. കാല്പനികതയും യാഥാര്‍ത്ഥ്യവും യോജിക്കുന്ന ഈ വിഖ്യാത നോവൽ മാർക്സിം ഗോർക്കിയുടെ എക്കാലത്തെയും ഇതിഹാസം ആണ്. വിഡ്ഢികളെ നിങ്ങള്‍ ജനങ്ങളുടെ വെറുപ്പ് വാങ്ങിക്കൂട്ടും. അതു നിങ്ങളുടെ മേല്‍ത്തന്നെ വന്നുവീഴുമെന്നു’ പൊലീസുകാരെ ശപിച്ചുകൊണ്ട് അടിയേറ്റ് വീഴുന്ന പിലഗേയ നീലോവ്‌ന എന്ന അമ്മയുടെ കഥ റഷ്യൻ വിപ്ലവ പശ്ചാത്തലത്തിൽ തന്നെ ആണ് പ്രതിഭ അവതരിപ്പിക്കുന്നത്. അവതരണത്തിലും, ആവിഷ്കാരത്തിലും വെളിച്ച വിതാന വിന്യാസത്തിലും രംഗ സജ്ജീകരണത്തിലും, പശ്ചാത്തല സംഗീതത്തിലും അമ്പരിപ്പിക്കുന്ന പുതുമകളും ആയാണ് നാടകം അരങ്ങേറുന്നത്. .

ബഹ്‌റൈൻ കേരളീയ സമാജത്തിൽ അവതരിപ്പിക്കുന്ന നാടകം വിജയിപ്പിക്കുവാൻ എല്ലാ കല സ്നേഹികളുടെയും സഹായ സഹകരണങ്ങൾ ഉണ്ടാകണം എന്ന് ബഹ്‌റൈൻ പ്രതിഭ സെക്രെട്ടറി ഷെരിഫ് കോഴിക്കോട്, പ്രസിഡന്റ് മഹേഷ് മൊറാഴ എന്നിവർ അഭ്യർത്‌ഥിച്ചു. പി ശ്രീജിത്ത് ചെയർമാനും, എൻ കെ വീരമണി ജനറൽ കൺവീനറും ആയ സംഘാടക സമിതി ആണ് പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്