ദുബായ്: രാജ്യത്തെ കനത്ത ചൂട് കണക്കിലെടുത്ത് പുറത്ത് ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ശനിയാഴ്ച മുതൽ ഉച്ചവിശ്രമം പ്രഖ്യാപിച്ചു. കടുത്ത ചൂടിൽനിന്ന് തൊഴിലാളികളെ രക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഉച്ചവിശ്രമം നൽകുന്നത്. ഈ കാലയളവിൽ ഉച്ചയ്ക്ക് പന്ത്രണ്ടര മുതൽ മൂന്ന് വരെ തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യിക്കാൻ പാടില്ലെന്നാണ് നിയമം.
ജൂൺ 15 ശനിയാഴ്ച മുതൽ സെപ്റ്റംബർ 15 വരെയാണ് ഉച്ചവിശ്രമം അനുവദിച്ചിരിക്കുന്നത്. നിയമം ലംഘിച്ച് ജോലിചെയ്യിപ്പിക്കുന്ന കമ്പനി ഉടമയ്ക്ക് കനത്തപിഴ ചുമത്തും. ആളൊന്നിന് 5000 ദിർഹംവീതം പരമാവധി 50,000 ദിർഹം വരെയായിരിക്കും പിഴ. കമ്പനിയെ കുറഞ്ഞ ഗ്രേഡിലേക്ക് തരംതാഴ്ത്തും. കമ്പനിയുടെ പ്രവർത്തനം താത്‌കാലികമായി തടയുകയും ചെയ്യുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
ഉച്ചവിശ്രമവേളകളിൽ തൊഴിലാളികൾക്ക് ഒട്ടേറെ സൗകര്യങ്ങളും അധികൃതർ ഒരുക്കിയിട്ടുണ്ട്. ഇടവേളകളിൽ വിശ്രമിക്കാൻ അനുയോജ്യമായ സൗകര്യം ഒരുക്കുന്നതിന് പുറമെ കുടിക്കാൻ തണുത്തവെള്ളം ലഭ്യമാക്കും. അതോടൊപ്പം സൂര്യാഘാതമടക്കം വേനൽക്കാലത്ത് ഉണ്ടാകാൻ സാധ്യതയുള്ള രോഗങ്ങളെക്കുറിച്ച് തൊഴിലാളികൾക്ക് ബോധവത്കരണം നൽകും. വരും ദിവസങ്ങളിൽ ചൂട് വലിയരീതിയിൽ കൂടുമെന്നാണ് നാഷണൽ സെന്റർ ഓഫ് മീറ്ററോളജിയുടെ മുന്നറിയിപ്പ്. രാവിലെയും വൈകീട്ടും അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ അംശം കൂടുകയും ചെയ്യും. വെയിലത്ത് കുട്ടികളെയുംകൊണ്ട് പുറത്തിറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. ഏറെനേരം വെയിൽ കൊള്ളാൻ പാടില്ല. ആവശ്യത്തിനു വെള്ളം കുടിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.