ന്യൂഡൽഹി: 2022 ലെ സ്വാതന്ത്ര്യ ദിനത്തില്‍ മനുഷ്യനെ ബഹിരാകാശത്തേക്ക് അയയ്ക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങി. ഗഗൻയാൻ പദ്ധതിയിൽ മൂന്നു ബഹിരാകാശ യാത്രികരുണ്ടാകും. ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഡോ.ജിതേന്ദ്ര സിങ്ങാണ് ഐഎസ്ആര്‍ഒയുടെ നാല് സുപ്രധാന ദൗത്യങ്ങള്‍ ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചത്. 10,000 കോടി രൂപ ഇതിനായി കേന്ദ്രമന്ത്രിസഭ അനുവദിച്ചിട്ടുണ്ട്. 2018 ഓഗസ്റ്റ് 15 ലെ സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് ഇന്ത്യയുടെ സ്വപ്ന പദ്ധതിയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. മനുഷ്യനെ വഹിക്കാൻ ശേഷിയുള്ള ബഹിരാകാശ പേടകം ആദ്യമായാണ് ഇന്ത്യ വിക്ഷേപിക്കാനൊരുങ്ങുന്നത്.
ഗഗന്‍യാന്‍ ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശ യാത്രികര്‍ക്കുള്ള പരിശീലനം ഇന്ത്യയില്‍ തന്നെയായിരിക്കും നൽകുക. ബഹിരാകാശ യാത്രികരെ ആറ് മാസത്തിനുള്ളില്‍ തിരഞ്ഞെടുക്കും. ചന്ദ്രയാന്‍ രണ്ട് ദൗത്യം, ഗഗന്‍യാന്‍ ദൗത്യം, ആദിത്യ മിഷന്‍, വീനസ് മിഷന്‍ എന്നീ നാല് വിക്ഷേപണ ദൗത്യങ്ങള്‍ക്കാണ് ഐഎസ്ആര്‍ഒ തയ്യാറെടുക്കുന്നത്.