വിസ്മയം പടർത്തി ബഹ്‌റൈൻ പ്രതിഭയുടെ ‘അമ്മ’ നാടകം അരങ്ങേറി

മനാമ: ബഹ്‌റൈൻ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ തിങ്ങി നിറഞ്ഞ സദസിനു മുന്നിൽ ബഹ്‌റൈൻ പ്രതിഭയുടെ ‘അമ്മ’ നാടകം അരങ്ങേറി. നൂറോളം കലാകാരന്മാർ അണിനിരന്ന നാടകം അവതരണ പുതുമകൊണ്ടും ആവിഷ്ക്കാര വൈവിധ്യം കൊണ്ടും ഏറെ ജനശ്രദ്ധ നേടി. റഷ്യൻ വിപ്ലവത്തിന്റെ കണ്ണാടി എന്ന് അറിയപ്പെടുന്ന ‘അമ്മ’ നോവലിന്റെ നാടക ആവിഷ്ക്കാരം ആയാണ് ‘അമ്മ’ നാടകം അവതരിപ്പിക്കപ്പെട്ടത്. എല്ലാ ആധുനിക സാങ്കേതിക വിദ്യകളും നാടകത്തിൽ ഉടനീളം പ്രയോജനപ്പെടുത്തിയിരുന്നു. കാലവും സന്ദർഭവും പ്രതികാത്മകം ആയി സ്റ്റേജിൽ അടയാളപ്പെടുത്തിയിരുന്നു. മുൻ നിശ്ചയ പ്രകാരം വൈകിട്ട് കൃത്യം 8 മണിക്ക് തന്നെ നാടകം ആരംഭിച്ചു രണ്ടര മണിക്കൂറിലധികം ദൈർഘ്യം ഉണ്ടായിരുന്ന നാടകം പ്രേക്ഷകർ നിറഞ്ഞ ആവേശത്തോടു കൂടി ആണ് കണ്ടിരുന്നത്.

അമ്മയായി അഭിനയിച്ച ശ്രീമതി സാവിത്രിയും മകനും വിപ്ലവകാരിയും ആയ പാവേൽ ആയി അഭിനയിച്ച ശിവകുമാർ കുളത്തൂപ്പുഴയും മറ്റു അഭിനേതാക്കളും കാണികളുടെ മുക്തകണ്ഠ പ്രശംസ പിടിച്ചു പറ്റി. രണ്ടായിരത്തിലധികം പ്രേക്ഷകരും, ബഹ്‌റൈൻ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും, പ്രതിഭ പ്രവർത്തകരും കുടുംബാംഗങ്ങളും അടങ്ങിയ വിപുലമായ സദസ്സിനു മുന്നിൽ ആണ് നാടകം അവതരിപ്പിക്കപ്പെട്ടത്. ഫാക്ടറി , തെരുവ് , ജയിൽ , ട്രെയിൻ , വീട് , കോടതി തുടങ്ങിയവ വര്ണരാജി വിടർത്തിയ പ്രകാശ സംവിധാനത്തിൻെറ അകമ്പടിയിൽ അവതരിപ്പിച്ചത് കാണികളിൽ അത്ഭുതം വിടർത്തി. വർഗ ചൂഷണം വെളിവാക്കി തൊഴിലാളി വർഗത്തിന്റെ ഐക്യം ആഹ്വാനം ചെയ്തുകൊണ്ടാണ് നാടകം അവസാനിച്ചത്. വിപ്ലവ പ്രവർത്തനത്തിന്റെ പേരിൽ നാടുകടത്തപ്പെട്ട മകന്റെ ദൗത്യം ആവേശപൂർവം ‘അമ്മ’ ഏറ്റെടുക്കുമ്പോൾ നാടകത്തിനു തിരശീല വീണു.

പ്രതിഭാ സെക്രെട്ടറി ഷെരിഫ് കോഴിക്കോട്, പ്രസിഡന്റ് മഹേഷ് മൊറാഴ, ജനറൽ കൺവീനർ എൻ കെ വീരമണി എന്നിവരുടെ സാനിധ്യത്തിൽ സംഘടക സമിതി ചെയർമാൻ പി ശ്രീജിത്ത് ഔപചാരികം ആയി നാടക ആരംഭ പ്രഖ്യാപനം നടത്തി. പ്രതിഭാ സ്വരലയ അവതരിപ്പിച്ച അനശ്വര നാടക ഗാനങ്ങളുടെ അവതരണവും നാടകത്തിനു മുന്നോടി ആയി നടന്നു. പ്രസിദ്ധ നാടകപ്രവർത്തകൻ ഡോക്ടർ സാംകുട്ടി പട്ടങ്കരി നാടകാവിഷ്കാരവും പി എൻ മോഹൻരാജ് സംവിധാനവും നിർവഹിച്ച നാടകത്തിൽ പ്രതിഭാ അംഗങ്ങൾ മാത്രം ആണ് അരങ്ങിലും അണിയറയിലും പ്രവർത്തിച്ചത്. നാടകം വൻ വിജയം ആക്കുവാൻ പ്രവർത്തിച്ച എല്ലാവരെയും, നാടകം കണ്ടു പ്രോത്സാഹിപ്പിച്ചവരെയും, ബഹ്‌റൈൻ പ്രതിഭാ കേന്ദ്ര എക്സികുട്ടീവ് കമ്മിറ്റി അഭിവാദ്യം ചെയ്യുകയും ചെയ്തു.