വാഹനംകൊണ്ടുള്ള അഭ്യാസങ്ങളും മത്സരയോട്ടങ്ങളും ഇനി വേണ്ട; പോലീസിന്റെ പിടിവീഴും

അബുദാബി: റോഡുകളിൽ വാഹനംകൊണ്ടുള്ള അഭ്യാസങ്ങളും മത്സരയോട്ടങ്ങളും പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടാൽ ശിക്ഷ കടുക്കുമെന്ന മുന്നറിയിപ്പുമായി അബുദാബി പോലീസ്. നിരത്തിൽ അഭ്യാസപ്രകടനം നടത്തുന്നവർ സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും ഒരേസമയം ഭീഷണിയുണ്ടാക്കുകയാണെന്ന് അബുദാബി പോലീസ് ഗതാഗത വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ബ്രിഗേഡിയർ സലിം ബിൻ ബറാഖ് അൽ ദാഹിരി പറഞ്ഞു.

രൂപമാറ്റം വരുത്തിയ വാഹനങ്ങളുപയോഗിച്ച് അൽ ഐനിലെ നിരത്തിൽ റേസിങ് നടത്തി നാലുപേർ ദാരുണമായി കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് പോലീസ് നിലപാട് കടുപ്പിക്കുന്നത്. റോഡിൽ റേസിങ് നടത്തുന്നവരുടെ വാഹനവും രൂപമാറ്റം വരുത്തിയ വാഹനങ്ങളും കണ്ടുകെട്ടും. അശ്രദ്ധമായി വാഹനമോടിക്കുന്നത് പിടിക്കപ്പെട്ടാൽ 2000 ദിർഹം പിഴയും 23 ബ്ലാക്ക് പോയന്റും 60 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടലുമാണ് ശിക്ഷ. അനുമതിയില്ലാതെ വാഹനത്തിന്റെ ചെയ്‌സും എൻജിനും ഏതെങ്കിലും തരത്തിൽ മാറ്റിയാൽ 1000 ദിർഹം പിഴയും 12 ബ്ലാക്ക് പോയന്റും 30 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടലുമാണ് ശിക്ഷ. നിരത്തിൽ വാഹനം റേസിങ് നടത്തുന്ന വീഡിയോ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നവർക്കും പിടിവീഴും.