കല്യാൺ ജൂവല്ലേഴ്‌സ് പരസ്യങ്ങൾ ചെയ്തിരുന്ന ശ്രീകുമാർ മേനോൻ ഇപ്പോൾ സംഭവിച്ച സ്ഥാന ചലനത്തെ തുടർന്ന് കല്യാണിനെതിരെ ചില ആരോപണങ്ങളുമായി രംഗത്ത് വന്നത് ഇരു കൂട്ടരെയും അറിയാവുന്ന ആളുകൾക്കിടയിൽ ചർച്ചയായി മാറി. ഈ സംവിധായകന്റെ ഒത്താശയോടെ ഇപ്പോൾ തമിഴിൽ ഓൺലൈൻ മീഡിയ രംഗത്ത് പ്രവർത്തിക്കുന്ന ഒരു മാത്യു സാമുവൽ യൂട്യൂബ് വീഡിയോയിലൂടെ പുറത്തുവിട്ട കല്യാൺ ജൂവല്ലേഴ്‌സിനെതിരായ ആരോപണങ്ങൾ യാതൊരു അടിസ്ഥാനമില്ലാത്തതും വ്യക്തമായ മൂന്നാം കിട താല്പര്യം ഉള്ളതാണെന്നും ബോധ്യപ്പെട്ടുവരികയാണ്. നാരദാ ന്യൂസും റെഡ് പിക്‌സ് മീഡിയയും ചേർന്നാണ് ആരോപണം ഉന്നയിക്കാൻ ശ്രമിച്ചത് . എന്നാൽ അതേ വീഡിയോയുടെ കമന്റിൽ തന്നെ കാഴ്ചക്കാർ ട്രോൾ വർഷിച്ച് ആരോപണങ്ങളെ തള്ളിക്കളഞ്ഞിട്ടുണ്ട്. മറ്റാരുടെയോ താല്പര്യപ്രകാരം മാത്യു സാമുവൽ ചില ആരോപണങ്ങൾ നാടകത്തിലേതുപോലെ സ്ക്രിപ്റ്റ് വച്ച് പറയുന്നെന്നു മനസ്സിലായതോടെയാണ് ഇക്കാര്യങ്ങളിൽ കഴമ്പില്ലെന്ന് ജനങ്ങൾ വിധിയെഴുതിയത്. കല്യാൺ മാനേജ്‌മന്റ് ഇതിനകം പരാതി നൽകിയിട്ടുണ്ട്.
പരസ്യം നൽകാത്ത സ്ഥാപനങ്ങളെ കരിവാരിത്തേച്ചുകൊണ്ട് രംഗത്തുവരുന്ന ഓൺലൈൻ മീഡിയകൾ ഇപ്പോൾ രാജ്യത്ത് ധാരാളം പ്രവർത്തിക്കുന്നു. ഇവർക്കെതിരെ പലരും നിയമപരമായി നീങ്ങാൻ മടികാണിക്കുന്നതുകൊണ്ടാണ് തുടർന്നും ഇത്തരം കാര്യങ്ങൾ ആവർത്തിക്കുന്നത്. എന്നാൽ ഇപ്പോൾ പുറത്തുവന്ന ആരോപണങ്ങളിൽ യാതൊരു കഴമ്പും ഇല്ലാത്ത സാഹചര്യത്തിൽ കല്യാൺ നിയമ നടപടികളുമായി മുന്നോട്ടു പോകുകയാണ് . നടപടി തുടങ്ങിക്കഴിഞ്ഞതായി ചില അഭിഭാഷകരും സൂചിപ്പിച്ചു.
108 വർഷത്തെ സ്വർണ വ്യാപാര പാരമ്പര്യമുള്ള കല്യാൺ ഇപ്പോൾ ബാങ്കിൽ നിന്ന് വായ്പയെടുത്ത ശേഷം ആ കാശ് എന്തുചെയ്തുവെന്നാണ് വിഡിയോയിൽ മാത്യു സാമുവൽ ചോദിക്കുന്നത് . ഇടപാടുകാർ ജാഗ്രത പാലിക്കണമെന്നും യാതൊരു ഈടും വയ്‌ക്കാതെയാണ് ബാങ്ക് വായ്പ നൽകിയതെന്നും വീഡിയോയിൽ പറയുന്നുണ്ട്.
പിന്നിൽ നിന്ന് ഒരാൾ പ്രോമിറ്റ് ചെയ്തിട്ടാണ് ഇതൊക്കെ മാത്യു സാമുവൽ പറയുന്നതെന്ന് സംശയിക്കാൻ തക്ക കാരണങ്ങളുണ്ട്. കല്യാൺ ഉടമ TS കല്യാണരാമന്റെ വീട്ടിലെ ടൈൽസിനെ കുറിച്ചും ചില അർദ്ധ സത്യങ്ങൾ വിളിച്ചു പറയുന്നുണ്ട് . സ്ഥിരം വീട്ടിലെ സന്ദർശകനും ആശ്രിതനും ആയിരുന്ന പരസ്യ സംവിധായകൻ തനിക്ക് മാത്രം അറിയാവുന്ന കാര്യങ്ങൾ എന്ന രീതിയിൽ പലതും പലരോടും പറയുന്ന രീതിയിൽ വെള്ളം ചേർത്ത് അവതരിപ്പിച്ചതാണെന്ന് വ്യക്തമാണിതിൽ. മാത്രമല്ല ഈ സംവിധായകനും മാത്യു സാമുവലും തമ്മിൽ ചില പുതിയ വ്യാപാര ബന്ധങ്ങൾ തുടങ്ങാൻ പോകുന്നതിന്റെ സൂചനകളും ഇപ്പോൾ പുറത്തുവരുന്നു. ഏതെല്ലാം വിധത്തിലാണ് കല്യാണിന്റെ ഇമേജിനെ കരിവാരിതേയ്ക്കാൻ ഇപ്പോൾ ഈ സംവിധായകൻ ഗൂഢാലോചന നടത്തിയതെന്ന് അന്വേഷക സംഘത്തിന് ബോധ്യമായെന്നും സൂചനറിപ്പോർട്ടുകളിലുണ്ട്.
ഇത്തരം ആരോപണങ്ങൾ പുറത്തുവരുന്നതിന് പിന്നിൽ അരിയാഹാരം കഴിക്കുന്ന ആർക്കും മനസ്സിലാക്കാവുന്ന ചില തിരക്കഥകളുണ്ടെന്ന് ഇന്ത്യക്കകത്തും പുറത്തുമുള്ള മുഖ്യധാരാ മാധ്യമ പ്രവർത്തകർ വിശ്വസിക്കുന്നു. അടുത്തിടെ ഒരു പ്രത്യേക സാഹചര്യത്തിൽ കല്യാൺ പുറത്താക്കിയ പ്രമുഖ പരസ്യ ചിത്ര സംവിധായകൻ , തുടർച്ചയായി തനിക്ക് ഏറ്റുകൊണ്ടിരിക്കുന്ന പരാജയങ്ങളെ തുടർന്ന് വീണ്ടും കല്യാണിലേക്ക് മടങ്ങാൻ ആഗ്രഹിച്ചതും അത് നടക്കാതെ പോയതുമാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കാൻ പ്രേരണ നൽകുന്നത്.
ഇന്ത്യയിലെ തലമുതിർന്ന എഴുത്തുകാരൻ തന്റെ തിരക്കഥ തിരിച്ചുവാങ്ങിയതും , മുതിർന്ന അഭിനേത്രി ഈ സംവിധായകന്റെ ചൊല്പടിയിൽ നിൽക്കാതെ സ്വതന്ത്രവും ധീരവുമായി മുന്നോട്ടുപോയതും , ഒരു പ്രമുഖ നടനെതിരെ വ്യക്തമായ മുൻ പക വച്ചുകൊണ്ട് പേരുദോഷം ഉണ്ടാക്കാൻ ശ്രമിച്ചു പരാജയപ്പെട്ടതും, ആദ്യ സിനിമാ സംവിധാന സംരംഭം സോഷ്യൽ മീഡിയയിലെ ട്രോൾ മഴയിൽ കുതിർന്നതും,മുൻകൂട്ടി ഉറപ്പിച്ചിരുന്ന അവസരങ്ങൾ ഒന്നൊന്നായി പൊടുന്നനെ നഷ്ടമായതും ഈ സംവിധായകന് മാനസികമായ ശക്തമായ തിരിച്ചടികളായി മാറിയിരുന്നു. ആദ്യ സിനിമ തന്നെ കണ്ട പടി പൂർത്തീകരിച്ചത് പരിചയ സമ്പന്നനായ മറ്റൊരു സംവിധായകന്റെ സഹായം കൊണ്ടാണെന്ന് എല്ലാവരും അറിഞ്ഞതോടെയാണ് ഈ സംവിധായകന് ഇത്രയും വലിയ മാനസിക ആഘാതം ഉണ്ടാകാൻ തുടങ്ങിയത് . കല്യാണിലേക്ക് മടങ്ങാൻ ശ്രീകുമാർ മേനോൻ നടത്തിയ ശ്രമങ്ങളും പരാജയമായി മാറി. ഇതിനകം കല്യാൺ മറ്റു പല പ്രമുഖ അന്താരാഷ്ട്ര ഏജൻസികളെയും ഉപയോഗിച്ചുകൊണ്ട് പുതിയ കരാറുകൾ ഒപ്പിട്ട് പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു.
പ്രധാനമന്ത്രിയായി നരേന്ദ്രമോദി രണ്ടാം തവണയും സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിലേക്ക് കല്യാൺ ജുവല്ലറി കുടുംബത്തെ ക്ഷണിതാക്കളായി ഉൾപ്പെടുത്തിയതിനെയും മാത്യു സാമുവൽ വിമർശിച്ചു. ഇതൊക്കെ ഉയർത്തിക്കാട്ടിയാവും വായ്പ തരപ്പെടുത്തുന്നത് എന്ന തരത്തിലേക്കാണ് ആരോപണങ്ങൾ പോയ വഴി ദൃശ്യമായത്.
നേരിട്ട് വന്നോ മുഖ്യധാരാ മാധ്യമങ്ങളെ ഉപയോഗിച്ചോ ഒന്നും ചെയ്യാൻ പറ്റാതെ വരുമ്പോഴാണ് നാരദ ന്യൂസ് പോലുള്ള ഓൺലൈൻ മീഡിയകളിൽ ചിലർ തങ്ങളുടെ തിരക്കഥ നൽകി അവതരിപ്പിക്കാൻ ശ്രമിക്കുന്നത്. സോഷ്യൽ മീഡിയ വഴി ആരോപണം ഉന്നയിക്കുന്നതും ആരോപണങ്ങൾ ഉന്നയിക്കാൻ ഒത്താശ ചെയ്യുന്നതും ഇന്ത്യയിലും മറ്റു പല രാജ്യങ്ങളിലും ക്രിമിനൽ കുറ്റമാണെന്നിരിക്കെ, അതാതു സൈബർ നിയമങ്ങൾക്ക് കീഴിൽ ഇവ അപ്പപ്പോൾ തന്നെ വിചാരണയ്‌ക്ക് കൊണ്ടുവരാനാണ് കല്യാൺ നിയമ നടപടികൾക്ക് തുടക്കം കുറിച്ചത്. രാജ്യത്തെ നിബന്ധനകൾക്കും നിയമങ്ങൾക്കും വിധേയമായ ബാങ്ക് വായ്പകളാണ് തങ്ങൾ സ്വീകരിച്ചിരിക്കുന്നതെന്ന് കല്യാൺ കുടുംബത്തോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു. ലക്ഷക്കണക്കിന് കച്ചവടക്കാർ ബാങ്കുകളെ ആശ്രയിക്കുന്നുണ്ട്. അതിനപ്പുറമുള്ള കാര്യങ്ങളൊന്നും തന്നെ ഇല്ലെന്ന് കല്യാണിന്റെ ഒരു നൂറ്റാണ്ട് പിന്നിട്ട പാരമ്പര്യം വ്യക്തമാക്കുന്നുണ്ട്.
പ്രതികരണത്തിനുവേണ്ടി കല്യാൺ മാനേജ്മെന്റിനെ സമീപിച്ചപ്പോൾ , തങ്ങളുടെ സുതാര്യതയും വിശ്വാസ്യതതയും ഒരു നൂറ്റാണ്ട് പിന്നിട്ട പാരമ്പര്യത്തിന്റെ ശക്തിയും എല്ലാവർക്കും അറിയാമെന്നുള്ളതുകൊണ്ട് കൂടുതൽ ഒന്നും പറയുന്നില്ലെന്നും നിയമം അതിന്റെ വഴിക്ക് പോകട്ടെയെന്നുമുള്ള പ്രതികരണമാണ് ലഭിച്ചത്. ഇക്കാര്യത്തിലെ ഗൂഢാലോചന സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ കിട്ടിയിട്ടുണ്ടെന്നും അതിന്റെ പിൻബലത്തിലാണ് കേസ് മുന്നോട്ട് നീങ്ങുന്നതെന്നും കല്യാണിനോട് അടുത്ത വൃത്തങ്ങൾ പറയുന്നു.