മനാമ: ഇന്ത്യന്‍ സ്‌കൂള്‍ യുവജനോത്സവമായ തരംഗ് 2025 ല്‍ ആര്യഭട്ട ഹൗസും സിവി രാമന്‍ ഹൗസും മുന്നിട്ടുനില്‍ക്കുന്നു. നിലവില്‍ ആര്യഭട്ട 875 പോയിന്റുമായി മുന്നേറുമ്പോള്‍ 868 പോയിന്റുമായി സിവി രാമന്‍ ഹൗസ് തൊട്ടുപിന്നിലുണ്ട്. 859 പോയിന്റുമായി ജെസി ബോസ് ഹൗസ് മൂന്നാം സ്ഥാനത്തും, 828 പോയിന്റുമായി വിക്രം സാരാഭായ് ഹൗസ് നാലാം സ്ഥാനത്തും എത്തിനില്‍ക്കുന്നു.
മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവര്‍ക്ക് കലാരത്ന, കലാശ്രീ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും. ഗ്രൂപ്പ് ചാമ്പ്യന്‍ഷിപ്പ്, ഹൗസ് സ്റ്റാര്‍ അവാര്‍ഡുകള്‍ എന്നിവയും മികവ് തെളിയിക്കുന്നവരെ കാത്തിരിക്കുന്നു. ആകെ 1,800 ലധികം ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും ഫെസ്റ്റിവലില്‍ വിതരണം ചെയ്യും.
ഇന്ത്യന്‍ സ്‌കൂള്‍ യുവജനോത്സവം മേഖലയിലെ ഏറ്റവും വലിയ സ്‌കൂള്‍ യുവജനോത്സവങ്ങളിലൊന്നാണ്. ഫല പ്രഖ്യാപനങ്ങള്‍ക്ക് തൊട്ടുപിന്നാലെ അതത് വേദികളില്‍ ഗ്രൂപ്പ് ഇവന്റ് സമ്മാനങ്ങള്‍ വിതരണം ചെയ്തുവരുന്നു. വ്യക്തിഗത പ്രകടനങ്ങള്‍ക്കുള്ള സമ്മാനങ്ങള്‍ പിന്നീട് നടക്കുന്ന ഗ്രാന്‍ഡ് ഫിനാലെയില്‍ നല്‍കും.
യുവജനോത്സവത്തില്‍ സജീവമായി പങ്കെടുത്ത വിദ്യാര്‍ത്ഥികളയേയും ജേതാക്കളെയും സ്‌കൂള്‍ ചെയര്‍മാന്‍ അഡ്വ. ബിനു മണ്ണില്‍ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യന്‍, ഭരണസമിതി അംഗങ്ങള്‍, പ്രിന്‍സിപ്പല്‍ വിആര്‍ പളനിസ്വാമി, സീനിയര്‍ സ്‌കൂള്‍ & അക്കാദമിക് അഡ്മിനിസ്‌ട്രേഷന്‍ വൈസ് പ്രിന്‍സിപ്പല്‍ ജി. സതീഷ് എന്നിവര്‍ അഭിനന്ദിച്ചു.