ബഹ്റൈന്‍ തല സമസ്ത മദ്റസാ പ്രവേശനോത്സവം വര്‍ണാഭമായി

>>ബഹ്റൈനിലുടനീളം സമസ്ത മദ്റസകളി‍ലേക്കുള്ള അഡ്മിഷന്‍ അടുത്ത ദിവസങ്ങളിലും തുടരും

മനാമ: സമസ്ത ബഹ്റൈന്‍ കേന്ദ്ര മദ്റസയായ മനാമ ഇര്‍ഷാദുല്‍ മുസ്ലിമീന്‍ മദ്റസയില്‍ നടന്ന ബഹ്റൈന്‍ തല മദ്റസാ പ്രവേശനോത്സവം വര്‍ണാഭമായി.

നേരറിവ് നല്ല നാളേക്ക് എന്ന പ്രമേയത്തില്‍ നടന്ന മഹ്റജാനുല്‍ ബിദായ ബഹ്റൈന്‍ തല പ്രവേശനോത്സവത്തിന്‍റെ ഉദ്ഘാടനം സമസ്ത ബഹ്റൈന്‍ പ്രസിഡന്‍റ് സയ്യിദ് ഫഖ്റുദ്ധീന്‍ കോയ തങ്ങള്‍ നിര്‍വ്വഹിച്ചു. മത-ഭൗതിക വിദ്യാഭ്യാസങ്ങള്‍ ഒരു പോലെ പ്രധാനമാണെന്നും മദ്റസാ പഠനത്തിന്‍റെ മഹത്വവും പ്രാധാന്യവും രക്ഷിതാക്കളിലൂടെയാണ് വിദ്യാര്‍ത്ഥികള്‍ മനസ്സിലാക്കേണ്ടതെന്നും തങ്ങള്‍ ഓര്‍മ്മിപ്പിച്ചു.

ഉദ്ഘാടന ശേഷം വേദിയില്‍ പ്രദര്‍ശിപ്പിച്ച അറബി അക്ഷരങ്ങള്‍ തങ്ങള്‍ വിദ്യാര്‍ത്ഥികളെ വായിച്ചു കേള്‍പ്പിച്ചു. ചടങ്ങില്‍ മുന്‍ ബഹ്റൈന്‍ എം.പിയും മദ്റസാ രക്ഷാധികാരിയുമായ ശൈഖ് അഹ്മദ് അബ്ദുല്‍ വാഹിദ് അല്‍ ഖറാത്ത ഉള്‍പ്പെടെയുള്ള പ്രമുഖരും മദ്റസാ ഭാരവാഹികളും ഉസ്താദുമാരും പങ്കെടുത്തു. ഉസ്താദ് ഹാഫിസ് ശുഐബ് മുസ്ലിയാര്‍ ഖുര്‍ആന്‍ പാരായണം നടത്തി. ഉസ്താദുമാരായ അഷ്റഫ് അന്‍വരി, അബ്ദുറഹ് മാന്‍ മുസ്ലിയാര്‍, അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍, ശിഹാബ് കോട്ടക്കല്‍ എന്നിവരുള്‍പ്പെടെയുള്ള മദ്റസാ അദ്ധ്യാപകരും മദ്റസാ ഭാരവാഹികളായ എസ്.എം.അബ്ദുല്‍ വാഹിദ്, അഷ്റഫ് കാട്ടില്‍ പീടിക, എം.എം.എസ് ഇബ്രാഹീം ഹാജി, ഗോള്‍ഡന്‍കൈറ്റ് മുഹമ്മദ് ഹാജി, ശഹീര്‍കാട്ടാന്പള്ളി, മുസ്ഥഫ കളത്തില്‍,ശൈഖ് റസാഖ്, ജഅഫര്‍ കണ്ണൂര്‍, നാസര്‍ ഹാജി, ഫ്രീഡം സുബൈര്‍ തുടങ്ങിയ മദ്റസാ ഭാരവാഹികളും പങ്കെടുത്തു. നവാഗതരുള്‍പ്പെടെ നിരവധി വിദ്യാര്‍ത്ഥികളും രക്ഷിതാക്കളുമാണ് പ്രവേശനോത്സവ ചടങ്ങില്‍ പങ്കെടുത്തത്.

ബഹ്റൈന്‍ എസ്.കെ.എസ്.എസ്.എഫ് – വിഖായയുടെ നേതൃത്വത്തില്‍ ഇവര്‍ക്കായി ഹെല്‍പ് ഡെസ്ക് ഉള്‍പ്പെടെയുള്ള സൗകര്യങ്ങളൊരുക്കിയിരുന്നു. കൂടാതെ വിഖായയുടെ നേതൃത്വത്തില്‍ മദ്റസാ ഹാളും പരിസരങ്ങളും വര്‍ണാഭമായി അലങ്കരിക്കുകയും വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും മധുരം വിതരണം ചെയ്യുകയും ചെയ്തു.

മനാമക്കു പുറമെ ബഹ്റൈനിലുടനീളം പ്രവര്‍ത്തിക്കുന്ന വിവിധ മദ്റസകളിലും പ്രത്യേകം പ്രവേശനോത്സവ ചടങ്ങുകള്‍ സംഘടിപ്പിച്ചിരുന്നു. ഈ മദ്റകളിലേക്കെല്ലാം അഡ്മിഷന്‍ നല്‍കുന്നത് അടുത്ത ദിവസങ്ങളിലും തുടരുമെന്ന് സമസ്ത ബഹ്റൈന്‍ ഓഫീസില്‍ നിന്നറിയിച്ചു. സമസ്തയുടെ കീഴില്‍ കേന്ദ്രീകൃത സിലബസായതിനാല്‍ നാട്ടില്‍ നിന്നെത്തുന്ന കുട്ടികള്‍ക്കും ബഹ്റൈനിലെ എല്ലാ സമസ്ത മദ്റസകളിലും പ്രവേശനം നേടാവുന്നതാണ് കൂടുതല്‍ വിവരങ്ങള്‍ 00973-33450553 എന്ന നന്പറില്‍ ലഭ്യമാണ്.

വിവിധ ഏരിയകളിലുള്ളവര്‍ക്ക് മദ്റസാ അഡ്മിഷനും കൂടുതല്‍ വിവരങ്ങള്‍ക്കും 33450553(മനാമ), 35524530(ഹിദ്ദ്), 35 17 21 92(മുഹറഖ്), 39 197577 (ഹൂറ), 33257944(ഗുദൈബിയ), 32252868(ഉമ്മുൽഹസം), 33486275(ജിദാലി), 33767471(ഈസ്റ്റ് റിഫ), 33267219(ബുദയ്യ), 3987 5634(ഹമദ്ടൗൺ) എന്നീ നന്പറുകളിലും ബന്ധപ്പെടാവുന്നതാണ്.