ദാറുല്‍ ഈമാന്‍ മദ്രസ വാര്‍ഷികം ജൂണ്‍ 21 ന് (വെള്ളി)

മനാമ: ദാറുല്‍ ഈമാന്‍ കേരള വിഭാഗം മദ്രസകളുടെ വാര്‍ഷികാഘോഷ പരിപാടി ജൂണ്‍ 21 വെള്ളി വൈകിട്ട് 3.30 മുതല്‍ നടക്കുമെന്ന് സംഘാടക സമിതി കണ്‍വീനര്‍ എ.എം ഷാനവാസ് അറിയിച്ചു. വാര്‍ഷിക പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയ വിദ്യാര്‍ഥികള്‍ക്ക് ആദരം, ഉദ്ഘാടന സെഷന്‍, വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍ എന്നിവ ഉള്‍ക്കൊള്ളുന്നതാണ് പരിപാടി. മദ്രസാ വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍ ഇതിന്റെ മുഖ്യ ആകര്‍ഷണമായിരിക്കും.

ഒപ്പന, ദഫ്, കോല്‍ക്കളി, മൈമിങ്, ചിത്രീകരണം, മലയാള പ്രസംഗം, അറബി പ്രസംഗം, ഇംഗ്ളീഷ് പ്രസംഗം, മാപ്പിളപ്പാട്ട്, സംഘഗാനം, വട്ടപ്പാട്ട്, കിച്ചന്‍ മ്യൂസിക്, അറബിക് ഫ്യൂഷന്‍, വില്‍പാട്ട് തുടങ്ങി കുടുംബങ്ങള്‍ക്ക് ഒന്നിച്ചാസ്വദിക്കാന്‍ കഴിയുന്ന പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. വിദ്യാര്‍ഥികള്‍ തന്നെ പരിപാടിയുടെ അവതാരകരാകുന്നു എന്ന പ്രത്യേകതയും ഇതിനുണ്ട്.

വാര്‍ഷികത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നതായും ഇരു മദ്രസകളുടെയും പി.ടി.എ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തനങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നതായും അദ്ദേഹം അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കും അഡ്മിഷനും 3406973 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.