മനാമ: ബഹ്‌റൈനില്‍ ഗര്‍ഭഛിദ്രം നിയമവിധേയമാക്കാന്‍ നിയമ നിര്‍മാണം നടത്തുന്നതിനുള്ള സുപ്രധാന തീരുമാനം ഷൂറ കൗണ്‍സിന്റെ പ്രതിവാര സമ്മേളനത്തില്‍ വോട്ടിനിടും. വൈദ്യശാസ്ത്രപരമായി അംഗീകരിച്ച പ്രത്യേക കേസുകളില്‍ ഗര്‍ഭഛിദ്രം നടത്തുന്നതിനുള്ള നിയമനിര്‍മാണമാണിത്.
1989 ലെ പ്രാക്ടീസ് ഓഫ് ഹ്യൂമന്‍ മെഡിസിന്‍ ആന്‍ഡ് ഡെന്റിസ്ട്രിയെക്കുറിച്ചുള്ള ഡിക്രി-ലോ നമ്പര്‍ (7) ഭേദഗതി ചെയ്തതാണ് നിയമനിര്‍മാണം നടത്തുക. ശരീഅത്ത് തത്വങ്ങള്‍, ഗള്‍ഫ് നിയമനിര്‍മ്മാണം, മെഡിക്കല്‍ ഡയഗ്‌നോസ്റ്റിക്‌സ് എന്നിവയുമായി പൊരുത്തപ്പെടുന്ന വ്യവസ്ഥകളാണ് മാറ്റം വരുത്തുക.
രണ്ട് പ്രധാന ഭേദഗതികളാണ് നിര്‍ദേശത്തില്‍ ഉള്‍പ്പെടുന്നത്
1. ‘കിംഗ്ഡം ഓഫ് ബഹ്റൈന്‍’ എന്ന പദത്തിന് പകരം ‘സ്റ്റേറ്റ് ഓഫ് ബഹ്റൈന്‍’ എന്നാക്കും.
2. രണ്ട് പ്രത്യേക കേസുകളില്‍ ഗര്‍ഭഛിദ്രത്തിനുള്ള നിയമപരമായ കാരണങ്ങള്‍ വിപുലീകരിക്കുന്നതിനായി ആര്‍ട്ടിക്കിള്‍ (19) പരിഷ്‌കരിക്കും. ഒന്നാമത്തേത്- അമ്മയുടെ ജീവന്‍ അപകടത്തിലാകുമ്പോള്‍ രണ്ട്- പ്രസവശേഷം കുട്ടിക്ക് ഗുരുതരമായ വൈകല്യം സംഭവിക്കുമെന്ന് ഒരു മെഡിക്കല്‍ കമ്മിറ്റി സ്ഥിരീകരിച്ചാല്‍. ഗര്‍ഭധാരണം നടന്ന് 120 ദിവസത്തിനുള്ളില്‍ വൈകല്യമുണ്ടെന്ന് കണ്ടെത്തണം.
രണ്ട് കേസുകളിലും മൂന്ന് കണ്‍സള്‍ട്ടന്റ് ഫിസിഷ്യന്‍മാര്‍ ഉള്‍പ്പെടുന്ന ഒരു മെഡിക്കല്‍ കമ്മിറ്റിയുടെ ശുപാര്‍ശ, സ്ത്രീയുടെയോ, ചില സന്ദര്‍ഭങ്ങളില്‍ ഭര്‍ത്താവിന്റെയോ രക്ഷിതാവിന്റെയോ രേഖാമൂലമുള്ള സമ്മതം, അംഗീകൃത ആശുപത്രിയില്‍ നടപടിക്രമം നടത്തുക എന്നിവ ആവശ്യമാണ്.









