മനാമ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർഥികൾക്ക് പിന്തുണ ഉറപ്പാക്കാനായി ഐവൈസിസി ബഹ്‌റൈൻ ത്രിദിന പ്രചാരണ കാമ്പയിൻ പ്രഖ്യാപിച്ചു. 2025 ഡിസംബർ 5 മുതൽ ഡിസംബർ 8 വരെയാണ് ഈ പ്രത്യേക കാമ്പയിൻ നടക്കുക.
പ്രവാസ ലോകത്തുനിന്ന് നാട്ടിലെ സ്ഥാനാർഥികൾക്ക് ഓൺലൈൻ പിന്തുണ നൽകുക, വോട്ടർമാരെ വിവരങ്ങൾ അറിയിക്കുകയും വോട്ട് അഭ്യർത്ഥന നടത്തുകയും ചെയ്യുന്നതിനായി ഡിജിറ്റൽ മാധ്യമങ്ങൾ, സോഷ്യൽ മീഡിയ, നാട്ടിലുള്ള സംഘടന പ്രവർത്തകർ എന്നിവരെ ഉൾപ്പെടുത്തി യുഡിഎഫിന് പിന്തുണ നൽകുക എന്നിവയാണ് കാമ്പയിൻ്റെ പ്രധാന ലക്ഷ്യങ്ങൾ.
കാമ്പയിൻ്റെ ഭാഗമായി മീറ്റിംഗുകൾ, ഫോൺ കാളുകൾ, സോഷ്യൽ മീഡിയ പ്രചാരണങ്ങൾ എന്നിവ സംഘടിപ്പിക്കുമെന്ന് ഐവൈസിസി ബഹ്‌റൈൻ ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ്, ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രഷറർ ബെൻസി ഗനിയുഡ് എന്നിവർ അറിയിച്ചു.
യുഡിഎഫ് സ്ഥാനാർഥികളുടെ വിജയം ഉറപ്പാക്കാൻ ബഹ്‌റൈനിലെ കോൺഗ്രസ് യുവജനത ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്നും, ജനവിരുദ്ധ കേരള സർക്കാരിന്നുള്ള ജനങ്ങളുടെ മറുപടി ആവും ഈ തെരഞ്ഞെടുപ്പെന്നും അവർ കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർഥികൾക്ക് പിന്തുണ നൽകാൻ ഐവൈസിസിയുടെ പല പ്രവർത്തകരും ഭാരവാഹികളും നാട്ടിൽ പോകുന്നുണ്ടെന്ന വിവരവും പത്രകുറിപ്പിൽ അറിയിച്ചു.









