മനാമ: ഇന്ത്യൻ സ്‌കൂളിൽ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ് പട്രോളിംഗ് ലീഡർമാരുടെ നേതൃ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. പട്രോളിംഗ് ലീഡർമാർ, ട്രൂപ്പ് ലീഡർമാർ, ഗ്രൂപ്പ് ലീഡർമാർ, അവരുടെ സഹായികൾ എന്നിവർ ഉൾപ്പെടുന്ന പരിശീലന ക്യാമ്പിൽ 117 വിദ്യാർത്ഥികളും 13 അധ്യാപകരും പങ്കെടുത്തു. റിഫ ക്യാമ്പസിൽ നടന്ന രണ്ടാമത് പട്രോളിംഗ് ലീഡർമാരുടെ ഏകദിന പരിശീലന ക്യാമ്പ് ക്യാമ്പ് സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ് കമ്മീഷണർ കൂടിയായ ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ ഉദ്ഘാടനം ചെയ്തു.
തദവസരത്തിൽ ഇന്ത്യൻ സ്‌കൂൾ സെക്രട്ടറി സജി ആന്റണി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ രാജേഷ് നമ്പ്യാർ, സജി ജോർജ്, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി, റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ,സീനിയർ സെക്ഷൻ വൈസ് പ്രിൻസിപ്പൽ ആനന്ദ് നായർ,മിഡിൽ സെക്ഷൻ വൈസ് പ്രിൻസിപ്പൽ വിനോദ് എസ്, ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ് സെക്രട്ടറി മുകുന്ദ വാരിയർ എന്നിവരും സന്നിഹിതരായിരുന്നു. ഇന്ത്യൻ സ്‌കൂളിൽ നടക്കുന്ന എല്ലാ പരിപാടികളിലും അച്ചടക്കം ഉറപ്പാക്കുന്ന സേവനം ചെയ്യുന്ന സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ് വിദ്യാർത്ഥികളുടെ നേതൃപാടവത്തെ സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ അഭിനന്ദിച്ചു.
സ്‌കൂൾ ജീവിതത്തിൽ ഇത്തരം ക്യാമ്പുകളുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞ പ്രിൻസിപ്പൽ വി ആർ പളനിസ്വാമി ഈ ക്യാമ്പുകളിലൂടെ വിദ്യാർത്ഥികൾ നേതൃപാടവം വർധിപ്പിക്കുമെന്ന് ചൂണ്ടിക്കാട്ടി. വിദ്യാർത്ഥികൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിനു സാധ്യമായ എല്ലാ സഹായവും അവസരങ്ങളും ഇന്ത്യൻ സ്കൂൾ പ്രദാനം ചെയ്യുമെന്ന് സ്‌കൂൾ സെക്രട്ടറി സജി ആന്റണി പറഞ്ഞു. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം രാജേഷ് നമ്പ്യാർ നേതൃത്വഗുണങ്ങൾ വളർത്തിയെടുക്കാൻ വിദ്യാർത്ഥികൾക്ക് ഉപദേശം നൽകി. ഗ്രൂപ്പ് ലീഡർ (സ്കൗട്സ് ) ഡാൻ കോശി വറുഗീസ് സ്വാഗതം പറഞ്ഞു. ഗ്രൂപ്പ് ലീഡർ (ഗൈഡ്സ്) എൻ സുഹാനി നന്ദി പറഞ്ഞു. ക്യാമ്പിന്റെ ഭാഗമായി വിവിധ ഗെയിമുകൾ, നിധി വേട്ട, ക്യാമ്പ് ക്രാഫ്റ്റ്, ക്യാമ്പ് ഗാനങ്ങൾ, ക്യാമ്പ് ഫയർ തുടങ്ങി പരിപാടികൾ സംഘടിപ്പിക്കപ്പെട്ടു.