ശിഹാബ് ചെമ്മനാടിനായി സമസ്ത ബഹ്റൈന്‍ സംഘടിപ്പിച്ച പ്രാര്‍ത്ഥനാ സദസ്സ് വികാരനിര്‍ഭരമായി; സമൂഹപ്രാര്‍ത്ഥനക്കും മയ്യിത്ത് നിസ്കാരത്തിനും നിരവധി പേര്‍ ഒഴുകിയെത്തി

മനാമ: സമസ്തയുടെ സജീവ പ്രവര്‍ത്തകനായിരുന്ന ശിഹാബ് ചെമ്മനാടിന് വേണ്ടി സമസ്ത ബഹ്റൈന്‍ കേന്ദ്ര ആസ്ഥാനത്ത് സംഘടിപ്പിച്ച പ്രാര്‍ത്ഥനാസദസ്സ് വികാരനിര്‍ഭരമായി. ശിഹാബിന്‍റെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമുള്‍പ്പെടെ മനാമസൂഖില്‍ നിന്നും പരിസര പ്രദേശങ്ങളില്‍ നിന്നും നിരവധി പേരാണ് ചടങ്ങിലേക്കൊഴുകിയെത്തിയത്. സമൂഹ പ്രാര്‍ത്ഥനക്കും മയ്യിത്ത് നിസ്കാരത്തിനും സമസ്ത ബഹ്റൈന്‍ പ്രസിഡന്‍റ് സയ്യിദ് ഫഖ്റുദ്ധീന്‍ കോയ തങ്ങള്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് തങ്ങള്‍ നസ്വീഹത്ത് നല്‍കി സംസാരിച്ചു. സമസ്തയുടെ സജീവ പ്രവര്‍ത്തകനായിരുന്ന ശിഹാബിന്‍റെ ജീവിതത്തിലും മരണത്തിലും നമുക്ക് എല്ലാവര്‍ക്കും ഗുണപാഠങ്ങളുണ്ടെന്ന് തങ്ങള്‍ ഓര്‍മ്മപ്പെടുത്തി.

സല്‍സ്വഭാവിയായി ജീവിച്ച ശിഹാബ് സമസ്തയുടെ സ്വലാത്ത് മജ് ലിസുകളില്‍ പതിവായി പങ്കെടുക്കുകയും ദീനീ കാര്യങ്ങളിലെല്ലാം സമസ്തയെ അകമഴിഞ്ഞ് സഹായിക്കുകയും ചെയ്തിരുന്നു. കുറഞ്ഞ കാലം കൊണ്ട് നിരവധി നന്മകള്‍ ചെയ്താണ് ശിഹാബ് യാത്രയായിരിക്കുന്നത്. അല്ലാഹു അദ്ധേഹത്തിന്‍റെ നന്മകളെല്ലാം സ്വീകരിക്കുകയും തെറ്റുകള്‍ പൊറുത്തു കൊടുക്കുകയും ചെയ്യട്ടെ. അദ്ധേഹത്തിന്‍റെ മരണം നമുക്ക് നല്‍കുന്ന സന്ദേശം, നമ്മുടെ മരണത്തിന് പ്രായഭേദമില്ല എന്നതാണ്. ആയതിനാല്‍ ഏത് സമയവും അല്ലാഹുവിലേക്ക് നാം മടങ്ങിപോകേണ്ടി വരുമെന്നും മരിക്കുമെന്ന ബോധത്തോടെ, നിസ്കാരം പോലുള്ള മതത്തിലെ നിര്‍ബന്ധ കര്‍മ്മങ്ങളും കുടുംബത്തോടും സമൂഹത്തോടുമുള്ള ബാധ്യതകളും നിര്‍വ്വഹിച്ച് നാം ജീവിക്കണമെന്നും തങ്ങള്‍ ആഹ്വാനം ചെയ്തു. ബഹ്റൈനിലെ ചടങ്ങുകള്‍ക്കു പുറമെ, സമസ്തയുടെ നാട്ടിലുള്ള പ്രവര്‍ത്തകര്‍ ശിഹാബിന്‍റെ വീട് സന്ദര്‍ശിച്ച് വീട്ടുകാരെ ആശ്വസിപ്പിക്കുകയും വീട്ടില്‍ വെച്ച് പ്രത്യേക പ്രാര്‍ത്ഥനയും നടത്തിയിരുന്നു.