മനാമ: കെപിസിസിയുടെ പോഷക സംഘടനയായ ഒഐസിസിയിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ച ഐവൈസിസി നേതാക്കൾക്ക് സ്വീകരണം നൽകിയാതായി ഒ.ഐ.സി.സി ബഹ്‌റൈൻ നാഷണൽ കമ്മിറ്റി അറിയിച്ചു. ബഹ്‌റൈന്റെ വിവിധ പ്രദേശങ്ങളിൽ ഐവൈസിസി ഏരിയ കമ്മിറ്റി ഭാരവാഹികളായി പ്രവർത്തിച്ചിരുന്നവരാണ് ഒഐസിസിയിലേക്ക് എത്തിയത്.
ഇന്ത്യൻ രാഷ്ട്രീയത്തിൽ വർഗീയ ശക്തികളെ നേരിടുവാനും ലോകത്തിലെ ജനാധിപത്യ-മതേതര ശക്തികളുടെ മാതൃസ്ഥാനം വഹിക്കുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ ശക്തിപ്പെടുത്തേണ്ടത് ഓരോ ഭാരതീയന്റെയും ഉത്തരവാദിത്വമാണെന്ന് ഒഐസിസിയിലേക്ക് കടന്നുവന്ന പ്രവർത്തകർ അഭിപ്രായപ്പെട്ടു. കേരളത്തിൽ വരാൻ പോകുന്ന തിരഞ്ഞെടുപ്പിൽ ബിജെപിയെയും ഇടതുപക്ഷ മുന്നണിയെയും പരാജയപ്പെടുത്തി, യുഡിഎഫിനെ വിജയിപ്പിക്കേണ്ട ചുമതല ഓരോ കോൺഗ്രസ് പ്രവർത്തകന്റെയും ഉത്തരവാദിത്വമാണെന്നും അവർ പറഞ്ഞു. കെപിസിസിയുടെ പോഷക സംഘടനയായ ഒഐസിസിയെ അംഗീകരിക്കാതെ, സ്വതന്ത്ര സംഘടനയാണെന്ന് പറഞ്ഞു നടക്കുന്നത് മാതൃസംഘടനയെ അപമാനിക്കാൻ മാത്രമേ സഹായിക്കൂ എന്നും അവർ ചൂണ്ടിക്കാട്ടി.
കെപിസിസിയുടെ അംഗീകാരമുള്ള സംഘടനയിൽ പ്രവർത്തിച്ചുകൊണ്ട് കോൺഗ്രസിന്റെ അടിസ്ഥാന തത്വങ്ങളിൽ വിശ്വസിക്കുന്ന എല്ലാ പ്രവാസികളും ഒഐസിസിയെ ശക്തിപ്പെടുത്തേണ്ട കാലഘട്ടമാണിതെന്ന് ഒഐസിസിയിൽ ചേരാൻ തീരുമാനിച്ചവർ അറിയിച്ചു.
ബഹ്‌റൈൻ കേരളീയ സമാജത്തിൽ ഒഐസിസി പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ‘ഹർഷം 2026’ ചടങ്ങിൽ വെച്ചാണ് സ്വീകരണം നൽകിയത്. കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു, പത്തനംതിട്ട ഡിസിസി പ്രസിഡന്റ് പ്രൊഫ. സതീശ് കൊച്ചുപറമ്പിൽ, യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡൻ എന്നിവർ ചേർന്ന് പുതിയ പ്രവർത്തകരെ ഹാരാർപ്പണം നടത്തി സ്വീകരിച്ചു.
ഒഐസിസി മിഡിൽ ഈസ്റ്റ് ജനറൽ കൺവീനർ രാജു കല്ലുംപുറം, ഒഐസിസി ദേശീയ പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം, ഗ്ലോബൽ കമ്മിറ്റി അംഗം ബിനു കുന്നന്താനം, വർക്കിങ് പ്രസിഡന്റ് ബോബി പാറയിൽ, ജനറൽ സെക്രട്ടറിമാരായ മനു മാത്യു, സൈദ് എം.എസ്, ഷമീം കെ.സി, ജീസൺ ജോർജ്, ജേക്കബ് തേക്ക്തോട്, പ്രദീപ് മേപ്പയൂർ, വൈസ് പ്രസിഡന്റുമാരായ അഡ്വ. ഷാജി സാമൂവൽ, ഗിരീഷ് കാളിയത്ത്, ചെമ്പൻ ജലാൽ, വിഷ്ണു വി, ഓഡിറ്റർ ജോൺസൺ കല്ലുവിളയിൽ, സെക്രട്ടറിമാരായ രജിത് മൊട്ടപ്പാറ, രഞ്ചൻ കച്ചേരി, ജോയ് ചുനക്കര, നെൽസൺ വർഗീസ്, റോബി ജോർജ്, വർഗീസ് മോഡയിൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.









